കൊറോണ മഹാമാരിയെ തുടര്‍ന്ന് അടിമുടി ആടിയുലഞ്ഞ് നില്‍ക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. അടിപതറിപ്പോയ രാജ്യങ്ങള്‍ക്ക് മുന്നില്‍ കൊറോണ പോരാട്ടത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മാതൃക സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. രോഗ വ്യാപനം നിയന്ത്രിച്ചു നിര്‍ത്താന്‍ ലോക്ഡൗണ്‍ പോലുള്ള കടുത്ത തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സാധിച്ചു. രോഗബാധിതരുടെ എണ്ണം കൂടുന്നത് ഒരുപരിധി വരെ തടഞ്ഞുനിര്‍ത്താനും കഴിഞ്ഞു. രാജ്യത്ത് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എങ്കിലും, രോഗമുക്തി നേടുന്നവരുടെ എണ്ണം ദിവസേന വര്‍ധിക്കുന്നുവെന്നതു ശുഭസൂചകം.
രാജ്യത്ത് കൊറോണ മുക്തരായവര്‍ ചികിത്സയിലുള്ളവരേക്കാള് ഒരു ലക്ഷത്തിലേറെയായി എന്നത് ആശ്വാസം പകരുന്നതിനൊപ്പം പ്രതീക്ഷയും നല്കുന്നു. 3,21,641 പേര് രോഗമുക്തി നേടിയെന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക്. ചികില്‍സയിലുള്ളത് 2,10,635 പേരാണ.് 58.60 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്ര, ദല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് ഉയര്‍ന്നുതന്നെ നില്ക്കുന്നു. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 1.64 ലക്ഷമായി. മുംബൈയില്‍ മാത്രം 75,000 പിന്നിട്ടു. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ നിഴലിലാണ് മഹാരാഷ്ട്ര. കൊറോണമൂലം കൂടുതല്‍ ആളുകള്‍ മരണത്തിന് കീഴടങ്ങിയതും മഹാരാഷ്ട്രയിലാണ്. ദല്‍ഹിയില്‍ 83,077 ഉം, തമിഴ്നാട്ടില്‍ 82,275, ഗുജറാത്തില്‍ 31,397 ഉം രോഗബാധിതരാണുള്ളത്. ഈ കണക്കുകള്‍ ആശങ്കയുളവാക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് സാധ്യമായതെല്ലാം അതാത് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ചെയ്യുന്നുമുണ്ട്. രോഗബാധിതരാകുന്നവരെ മരണമുഖത്ത് നിന്നു രക്ഷിക്കുന്നതിനോടൊപ്പം തന്നെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നതിന്റെ തീവ്രത കുറയ്ക്കുന്നതിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കര്‍മ്മപദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇതെല്ലാം ഫലപ്രദമായി നടത്തുന്നതിന് ജനങ്ങളുടെ സഹകരണമാണ് അത്യന്താപേക്ഷിതം. അവിടെ പാളിച്ച സംഭവിച്ചാല്‍ പ്രയത്നങ്ങളെല്ലാം വിഫലമാകും. കേരളത്തിലും കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതും സമൂഹ വ്യാപന സാധ്യത സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയാത്തതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ഇവിടേയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു എന്നതുതന്നെയാണ് പ്രത്യാശ നല്‍കുന്നത്.
ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം ഒരു കോടി പിന്നിടുകയും മരണസംഖ്യ അഞ്ച് ലക്ഷം കടക്കുകയും ചെയ്തു. ആശങ്ക അത്രവേഗം ഒഴിയില്ല എന്നുതന്നെയാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയിലും രോഗികളുടെ എണ്ണം ഉയരും എന്നതിലും സംശയമില്ല. ഈ സാഹചര്യത്തില്‍ ഭയപ്പെട്ടതുകൊണ്ടോ, ഒന്നും സംഭവിക്കില്ല എന്ന് ചിന്തിക്കുന്നതുകൊണ്ടോ കാര്യമില്ല. ഭയവും ഭയമില്ലായ്മയും ഒരുപോലെ അപകടം ചെയ്യും. ജാഗ്രതയാണ് അനിവാര്യം. വൈറസ് ബാധയേല്‍ക്കാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുക, മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാനം. ഇതൊന്നും വകവയ്ക്കാതെ പെരുമാറുന്നവരാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീവ്രമായി പരിശ്രമിക്കുമ്പോള്‍ ശുഭ പ്രതീക്ഷ തന്നെയാണ് ജനത്തിനുണ്ടാവേണ്ടതും. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും ദിവസേനയുള്ള കൊറോണ പരിശോധനകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും എല്ലാം നമ്മുടെ പോരാട്ടം ശരിയായ വഴിക്കുതന്നെ എന്നതിന്റെ സൂചനയാണ്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കൊറോണ പ്രതിരോധം എന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. അപ്പോഴും പ്രതീക്ഷയുടെ പ്രകാശമാണ് ഓരോ ദിവസവും പ്രകടമാകുന്നത്. കൊറോണ മുക്തരുടെ എണ്ണം ഉയരുന്നു എന്നതുതന്നെ രാജ്യത്തെ സംബന്ധിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തിക്ക് ആക്കം കൂട്ടും എന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: