കണ്ണൂര്‍: വിദേശ കമ്പനികളുടെ വിമാനങ്ങള്‍ കണ്ണൂരില്‍ എത്തിയതോടെ പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം വീണ്ടും ഉയരുന്നു. കോവിഡ് കാലത്ത് എട്ട് വിദേശകമ്പനികളുടെ വിമാനങ്ങളാണ് കണ്ണൂരിൽ എത്തിയത്. പ്രവാസികളുമായി കണ്ണൂരിൽ ഇന്നലെ എത്തിയത് 11 ചാർട്ടേഡ് വിമാനങ്ങളാണ്. ഇതോടെ 120 സർവീസുകളിലായി 20,124 യാത്രക്കാർ വന്നിറങ്ങി. ഈ സാഹചര്യത്തില്‍ കണ്ണൂരിന് ഉടന്‍ സമ്പൂര്‍ണ അനുമതി ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നില്ല. പലതവണ സര്‍ക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പുതിയ വിമാനത്താവളം എന്ന പേരില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ലോക്ഡൗണിെൻറ ആദ്യഘട്ടത്തില്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി അടച്ച് വിമാന സര്‍വിസുകള്‍ നിര്‍ത്തിയത് കണ്ണൂരിനെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍, വ്യോമാതിര്‍ത്തികള്‍ തുറന്ന് പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിയത്. കാർഗോ സർവീസിനും അനുകൂലമാണ് ഇവ.
കയറ്റുമതി സാധ്യതകളിലും വലിയ കുതിപ്പുണ്ടാകാനിടയുണ്ട്. വിദേശ സർവീസുകളുടെ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകുമെന്നാണ് കിയാൽ അധികൃതരുടെ പ്രതീക്ഷ. കൂടുതൽ യാത്രക്കാർ എത്തണമെങ്കിൽ വിദേശ കമ്പനികൾ ഉൾപ്പെടെ സർവീസ് നടത്തേണ്ടത് അനിവാര്യമാണ്. ലോക്ഡൗണിനെ തുടർന്ന് വരുമാനത്തിൽ പ്രതിസന്ധി നേരിടുന്ന വിമാനത്താവളത്തിന് ഇത് മറികടക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണ്.
കോവിഡ് പ്രതിസന്ധികാലത്ത് കണ്ണൂർ വിമാനത്താവളം പിന്നിട്ടത് നാഴികക്കല്ലാണ്. ഒരേ ദിവസം വൈഡ്ബോഡി എയർ ക്രാഫ്റ്റുകൾ ഉൾപ്പെടെ 17 ചാർട്ടേഡ് ഫ്ലൈറ്റുകൾ വരെയിറങ്ങിയിട്ടും ക്രമീകരണങ്ങൾ സുഗമമായി നടന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം രാജ്യാന്തര വിമാനത്താവളത്തിനു പ്രവർത്തനങ്ങൾ വിപുലമാക്കാൻ കഴിയുമെന്നതിന്റെ വലിയ തെളിവാണു നിലവിലെ സുഗമമായ ക്രമീകരണങ്ങൾ. നല്ല തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിനിടെ 4 വിമാനങ്ങൾ വരെ ലാൻഡ് ചെയ്തു. നാല് വൈഡ്ബോഡി വിമാനങ്ങളാണ് ഇതുവരെ എത്തിയത്. സൗദി എയർ, കുവൈത്ത് എയർലൈൻസ്,എയർഇന്ത്യ, എയർ അറേബ്യ വിമാനങ്ങളാണിവ. ബോയിങ് 777 വിമാനങ്ങൾക്ക് സുഗമമായി ലാൻഡ് ചെയ്യാൻ കഴിയും എന്ന കാര്യം കൂടുതൽ വ്യക്തമായി. 350ലേറെ യാത്രക്കാരുമായാണ് ഇത്തരം വിമാനങ്ങളെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: