അബുദാബി: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അബുദാബിയില്‍ ഇന്ന് മുതല്‍ തിരക്കേറിയ സമയങ്ങളില്‍ ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. രാവിലെ 6.30 മുതല്‍ ഒമ്ബത് വരെയും വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയുമാണ് നിരോധനമെന്ന് അബൂദാബി പോലീസ് അറിയിച്ചു.
അബൂദാബി എമിറേറ്റില്‍ ഭാഗിക യാത്രാ നിയന്ത്രണങ്ങള്‍ തുടരും. ദേശീയ അണുനശീകരണ പരിപാടി മൂന്നു മാസം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അബൂദാബി എമിറേറ്റിനുള്ളില്‍ താമസക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദമുണ്ട്.
യുഎഇയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാല്‍ ആറ് മാസം തടവ് ശിക്ഷ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ കുറഞ്ഞത് 100,000 ദിര്‍ഹം പിഴയും നല്‍കണമെന്ന് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന് ഫെഡറല്‍ എമര്‍ജന്‍സി ഡയറക്ടര്‍ സാലെം അല്‍ സഅബി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്കേറുന്നതിനാലാണ് യുഎഇ നടപടികൾ കടുപ്പിച്ചത്. പഴംപച്ചക്കറി, മത്സ്യ, മാംസ വില്പന കേന്ദ്രങ്ങളിലും വന്‍തിരക്കനുഭവപ്പെട്ടു. മാര്‍ക്കറ്റില്‍ കച്ചവടവും ഉഷാറായി.സമീപകാലത്തെ ഏറ്റവും വലിയ തിരക്കാണിതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഇതോടെയാണ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍ രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: