ഉദുമ: ഓലയും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച ഒരു മീറ്റര്‍ തികച്ച് വീതിയില്ലാത്ത അടുക്കളച്ചായ്പ്പിലിരുന്നാണ് ഒന്‍പതാം ക്ലാസുകാരന് വിജേഷിന്റെ പഠനം. പള്ളിക്കര ഗ്രാമപ്പഞ്ചായത്തിലെ ശക്തിനഗറിലാണ് കണ്ണുനിറയ്ക്കുന്ന കാഴ്ച.
മഴ കനക്കുമ്പോള്‍ മേല്‍ക്കൂരയില്‍ കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന്റെ കീറലിലൂടെ വെള്ളം ഒലിച്ചിറങ്ങും. കാറ്റിന് ചെറുതായി ശക്തികൂടിയാല്‍ ചായ്പ്പ് മറയ്ക്കാന്‍ കെട്ടിയ ഓലയും കീറിയ ചാക്കും പഴംതുണികളും പാറിപ്പോകും. ചെറിയൊരു വീടിന്റെ പിന്നാമ്പുറത്തെ ഭാഗത്ത് വാടകകൊടുത്താണ് ഇവര്‍ കഴിയുന്നത്.
ചായ്പ്പ് കൂടാതെ ഒരു മുറിയുണ്ട്. ചട്ടിയും കലവും മറ്റു പാത്രങ്ങള്‍ക്കുമിടയില്‍ നോട്ടുപുസ്തകങ്ങള്‍ ഒന്നു നിവര്‍ത്തിവെക്കാന്‍ പോലും ഇടമില്ല. അടുപ്പിലൂതാനും പാത്രങ്ങളെടുക്കാനും അമ്മൂമ്മ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ വെച്ചെഴുതുന്ന പാതിദ്രവിച്ച പലക നീക്കിക്കൊടുക്കണം. അമ്മൂമ്മയെ കൂടാതെ വിജേഷിന്റെ അമ്മയും അമ്മാവനുമുണ്ടിവിടെ. രണ്ടുപേരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്.
അമ്മാവന് ഈ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഈ മുറിയിലിരുന്ന് വിജേഷിന് പഠിക്കാനും കഴിയില്ല. രാത്രി അമ്മാവന് ഉറങ്ങിയശേഷം ഒന്നു തലചായ്ക്കാന്‍ മാത്രമാണ് വിജേഷും അമ്മയും അമ്മൂമ്മയും ഈ മുറിയിലേക്കു പോകാറുള്ളത്. ഇളകിവീഴാറായ അടുപ്പ് കല്ലുകളും വിറകുകള്‍ ഒതുക്കിവെച്ചതുമെല്ലാം ഈ ചായ്പ്പില്‍ത്തന്നെ. അമ്മൂമ്മ ശ്യാമളയ്ക്ക് 60 വയസ്സുണ്ട്. ഇവര്‍ പുറത്തുപോയി ലോട്ടറി വില്‍പ്പന നടത്തി കിട്ടുന്ന വരുമാനത്തിലാണ് ജീവിതം. കാഞ്ഞങ്ങാട് രാംനഗറിലെ സ്വാമി രാംദാസ് ഗവ. സ്കൂളിലാണ് വിജേഷ് പഠിക്കുന്നത്.
ഓണ്‍ലൈന്‍ പഠനസൗകര്യമുണ്ടോയെന്നറിയാന് പിടിഎ പ്രസിഡന്റ് കെ.സുധാകരനും പ്രഥമാധ്യാപിക കെ.ശാലിനിയും അധ്യാപകന് ലക്ഷ്മണന് കൈപ്രത്തും ഇവിടെ എത്തിയപ്പോഴാണ് അടുക്കളച്ചായ്പ്പിലെ പഠനവും ജീവിതവുമറിയുന്നത്. അടുക്കളച്ചായ്പ്പിലെ മോചനത്തിനായി ഒരുകൈ സഹായമാണ് ഇവര്‍ക്കാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: