കോഴിക്കോട്: പരിഭ്രാന്തി പരത്തി നഗരത്തില്‍ വീണ്ടും തീപിടിത്തം. പൊറ്റമ്മലിനു സമീപം പട്ടേരിയില്‍ പുതുതായി ആരംഭിച്ച അപ്പോളോ ഗോള്‍ഡ് ഷോറൂമിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കെട്ടിടത്തിന്റെ ബേസ്മെന്റില്‍ നിന്ന് പുക ഉയരുന്നത് സിസിടിവിയിലൂടെ ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ കെട്ടിടത്തിനുള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളടക്കമുള്ള 12 ജീവനക്കാരും ഈ സമയത്ത് ഷോറൂമില്‍ ഉണ്ടായിരുന്നു. തീപടരുകയും വലിയ രീതിയില്‍ കറുത്ത പുക ഉയരുകയും ചെയ്തതോടെ ചിലര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ കറുത്ത പുക താഴത്തെ നിലയിലേക്കും പടര്‍ന്നു. ഒന്നാമത്തെ നിലയിലുള്ളവരെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് ഫയര്‍ഫോഴ്സ് സംഘവും മറ്റു ജീവനക്കാരും ചേര്‍ന്ന് കോണി വഴി പുറത്തേക്ക് ഇറക്കി. രണ്ടാമത്തെ നിലയിലുണ്ടായിരുന്ന ജീവനക്കാരിയെ മറുവശത്തെ ജനല്‍ തകര്‍ത്തും പുറത്തേക്ക് ഇറക്കുകയായിരുന്നു.
ബേസ്മെന്റിലെ മാലിന്യത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടല്ല കാരണമെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. കെട്ടിടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആശാരിപ്പണി നടത്തുന്നതിനുവേണ്ടിയുള്ള സാധനങ്ങളാണ് ബേസ്മെന്റില്‍ ഉണ്ടായിരുന്നതെന്നും കെട്ടിട ഉടമ മൂസഹാജി പറഞ്ഞു. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നായി എട്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. ശക്തമായ മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. ജ്വല്ലറിയുടെ ഓഫീസ് ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചിലരാസവസ്തുക്കളും ജ്വല്ലറിയിലുണ്ടായിരുന്നു. ഇതാണ് തീ പെട്ടെന്ന് പടരാന്‍ കാരണമായതെന്നാണ് സൂചന.
മീഞ്ചന്ത സ്റ്റേഷന് ഓഫീസര്‍ പി.വി. വിശ്വാസ്, ബീച്ച് സ്റ്റേഷന് ഓഫീസര്‍ പി. സതീഷ്, വെള്ളിമാടുകുന്ന് സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. എ. പ്രദീപ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. സുജിത് ദാസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എ.ജെ. ബാബു, പി.കെ. രാജു, കെ.പി. അഷറഫ്, എല്‍. സുരേന്ദ്രന് എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: