മൂലമറ്റം: ആശ്രമം ഭാഗത്ത് കൊറോണ സ്ഥീരീകരിച്ച യുവാവിന്റെ സമ്പര്‍ക്കത്തില്‍ വന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങി നടക്കുന്നതായി പരാതി.
കാഞ്ചിപുരത്തു നിന്നും വന്ന് ആശ്രമം ഭാഗത്ത് ക്വാറന്റൈനില്‍ ഇരുന്നയാള്‍ പുറത്തിറങ്ങി നടക്കുകയും ആളുകളോട് ഇടപെടുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതാടെ മേമുട്ടം, പതിപ്പിള്ളി ഭാഗങ്ങളിലുള്ള ഇയാളോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ ഇരിക്കുവാന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ വാഹനസൗകര്യമില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും കബളിപ്പിച്ച് കറങ്ങി നടക്കുന്നതായിട്ടാണ് വിവരം. ഇവര്‍ ഒത്ത് ചേരുന്ന മേമുട്ടം ഭാഗത്തുള്ള ഒരു കട കഴിഞ്ഞ ദിവസം പോലീസ് എത്തി അടപ്പിച്ചിരുന്നു. പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലൂടെയാണ് ഇവര്‍ കറങ്ങി നടക്കുന്നത്. പോലീസും ആരോഗ്യ പ്രവര്‍ത്തകരും നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് ചിലരുടെ പെരുമാറ്റം.
കൊറോണക്കെതിരെ സമൂഹം ഒറ്റകെട്ടായി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആ കണ്ണി മുറിച്ച് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമം ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
കൊറോണ സ്ഥിരീകരിച്ച ആളുടെ പേരില്‍ കേസ്
മൂലമറ്റം: മൂലമറ്റം ആശ്രമത്ത് കൊറോണ രോഗം സ്ഥിരീകരിച്ചയാളുടെ പേരില്‍ കാഞ്ഞാര്‍ പോലീസ് കൊറോണ നിയമലംഘനത്തിന് കേസ് എടുത്തു. ഈ മാസം 9ന് കാഞ്ചീപുരത്ത് നിന്നു എറണാകുളത്ത് ടൂറിസ്റ്റ് ബസില്‍ എത്തിയ ഇയാള്‍ ടാക്സിയില്‍ മൂലമറ്റം ആശ്രമം ഭാഗത്ത് സുഹൃത്തിന്റെ ആള്‍താമസമില്ലാത്ത വീട്ടില്‍ ക്വാറന്റൈനില്‍ പോവുകയായിരുന്നു.
എന്നാല്‍ അവിടെ ക്വാറന്റൈന് നിയമങ്ങള്‍ ലംഘിച്ച് ഇയാള്‍ പലരുമായി സമ്പര്‍ക്കത്തില്‍ പെട്ടതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. സുഹൃത്തിന്റെ ബൈക്ക് എടുത്ത് തൊടുപുഴയ്ക്ക് പോയിരുന്നു. കൂടാതെ സുഹൃത്തുക്കളുമൊത്ത് അടുത്തിടപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: