തിരുവനന്തപുരം: പള്ളിപ്പുറത്ത് ടെക്നോസിറ്റിക്ക് വേണ്ടി പൊന്നും വിലകൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ ചൈനാ ക്ലേ ഖനനം നടത്താന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുണ്ടായിരുന്നു. മുംബൈ ആസ്ഥാനമായ ആഷാപുര എന്ന മൈനിങ്ങ് കമ്പനി നല്കിയ അപേക്ഷ അക്കാലത്ത് തന്നെ എതിര്‍പ്പുകള്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. അതാണ് ഇപ്പോള്‍ താപ്പര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടി പിണറായി വിജയന് സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്.
സുപ്രീം കോടതിവിധി കാരണം മൈനിങ് നടത്താതെ ഇരിക്കുന്ന താപ്പര്‍ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ് കമ്പനിക്ക് ചൈനാ ക്ലേ ലഭ്യമാക്കാനാണ് കെംഡെല്‍ എന്ന സര്‍ക്കാര്‍ ഖനന സ്ഥാപനത്തെ ഉപയോഗിച്ച് കുണ്ടറ സിറാമിക്സിന്റെയും കണ്ണൂരിലെ കെസിസിപിഎല്ന്റെയും പേര് പറഞ്ഞ് ഖനനം നടത്തുന്നത്.
സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പ്രകൃതി വിഭവം കൊള്ള ചെയ്ത് സ്വകാര്യ കുത്തകകള്‍ക്ക് മറിച്ചു വില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. 2013 ല്‍ തന്നെ ടെക്നോ സിറ്റിയുടെ ഭൂമിയില്‍ ഖനനം നടത്തുന്നത് ടെക്നോസിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഐടി ഡിപ്പാര്‍ട്ട്മെന്റും ടെക്നോപാര്‍ക്ക് സീനിയര്‍ മാനേജരും ഇതുസംബന്ധിച്ച് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മീറ്റിംഗില്‍ അറിയിച്ചതാണ്.
കോടികളുടെ അഴിമതിയാണ് കേരളത്തില്‍ ഖനന മാഫിയ നടത്തുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ടെക്നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലം പോലും കുഴിച്ചു മറിക്കാന്‍ ഖനന മാഫിയ ശ്രമിക്കുന്നു. ഈ ഖനന മാഫിയകള്‍ക്ക് വേണ്ടി പബ്ലിക് റിലേഷന്‍ ജോലി നടത്തുന്നവരില്‍ ഡിവൈഎഫ്ഐ നേതാക്കളുമുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സിപിഎം മന്ത്രിയുടെ കൂടി ഒത്താശ ഖനനത്തിനു പിന്നിലുണ്ട്. സിപിഎമ്മിനെ ചില ജില്ലാ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. ഇംഗ്ലീഷ് ഇന്ത്യാ കമ്പനിയുടെ ഖനനത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഇവിടെയുണ്ടായിട്ടുണ്ട്. ഇതിനോടു ചേര്‍ന്നുള്ള കോളനിയിലെ ജനങ്ങള്‍ കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഖനനം നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എല്ലാ ഉത്തരവുകളും കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ വീണ്ടും ഖനന നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: