ആലപ്പുഴ: പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും ജനങ്ങള്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് എല്ലാ നഗരസഭകളിലും ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുന്നതിന് തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. ഇവരുടെ ആവശ്യത്തിനായി വാഹന സൗകര്യവും ജില്ലാഭരണകൂടം വിട്ടുനല്‍കും. ഓരോ നഗരസഭാ പരിധിയിലും ഡെപ്യൂട്ടി തഹസില്‍ദാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍, ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ നാലു പേര് ഉള്‍പ്പെടുന്ന സംഘമാണ് രൂപീകരിക്കുന്നത്.
ഇവരെ 24 മണിക്കൂറും വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച് കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ കണ്ടെത്താനായി നിയോഗിക്കും. ഈ സ്പെഷ്യല്‍ സ്ക്വാഡിന്റെ വാഹനത്തില്‍ അനൗണ്‍സ്മെന്റ് സൗകര്യവും ഏര്‍പ്പെടുത്തും. എല്ലാ പഞ്ചായത്ത്തലത്തിലും വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ശക്തമാക്കുന്നതിനും തീരുമാനിച്ചു.
ഇപ്പോള്‍ നടക്കുന്ന ദിവസേനയുള്ള 200 സ്വാബ് ടെസ്റ്റുകള്‍ 400 ആക്കി ഉയര്‍ത്തുന്നതിന് തീരുമാനിച്ചു. ലാബ് പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ലാബ് ടെസ്റ്റുകള്‍ക്കായി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ മൂന്നുദിവസത്തിനകം സജ്ജമാക്കും. മൊബൈല്‍ ലാബ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളില്‍ സാമൂഹിക വ്യാപന സാധ്യത അറിയുന്നതിനു വേണ്ടി ചെയ്ത 500 റാപ്പിഡ് ടെസ്റ്റുകളില്‍ മുഴുവനും ഫലം നെഗറ്റീവ് ആയിരുന്നു.
കോവിഡ് കെയര്‍ സെന്ററുകള്‍, വാര്‍ഡ്തല ജാഗ്രത സമിതി എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക്/ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉടന്‍ യോഗം ചേരുമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: