വിശ്വം മുഴുവനും വെട്ടിപ്പിടിച്ചിടാന്‍
അശ്വമഴിച്ചു വിടുന്നവരോര്‍ക്കുക
നിശ്ചലമാക്കിയീ വിണ്ടലമെത്രയും
ദൃശ്യമാകാത്തൊരീ കുഞ്ഞുവൈറസിനാല്‍
ഞാനെന്നഭാവേന ലോകം ഭരിക്കുന്ന
മാനവനെല്ലാം തകര്‍ന്നതിന്നോര്‍ക്കുക
ഒന്നിന്റെപേരിലുമിന്നുമനുഷ്യന്നു
മന്നിലഹങ്കരിക്കാനില്ല യോഗ്യത
ദൂരരാജ്യങ്ങളിലെത്രയോ കാലമായ്
ചോരനീരാക്കിപ്പണിയെടുത്തോര്‍ക്കുമേ
പോരേണ്ടിവന്നു ശിരസ്സുകുനിച്ചുകൊ-
ണ്ടാരോടു മോതിടാനാവാതെ യാത്രയും
ഒന്നിലുമൊന്നും പഠിച്ചിടാതുള്ളവ-
രിന്നെങ്കിലും പാഠഭാഗമാക്കീടണം
കണ്‍മുന്നിലെല്ലാം തകര്‍ന്നുപോകുന്നതു
കണ്ണാലെ കണ്ടെങ്കിലുമറിഞ്ഞീടണം
ഒന്നിനുമാര്‍ക്കും സമയമില്ലാതെനാ-
മിന്നേവരെയലഞ്ഞേറെ പാഞ്ഞീടവെ
എന്നാലൊരര്‍ഥനിമിഷ നേരത്തിനാല്‍
വന്നവില്ലന്‍ ലോകതാളം തകര്‍ത്തുപോയ്്്
മാരിവരുംപോലെയായിരുന്നുമഹാ-
മാരിതന്‍ രംഗപ്രവേശമീനാട്ടിലും
ദൂരെയിടിമുഴക്കം പിന്നെ മിന്നലും
കോരിത്തരിച്ച തണുത്തകാറ്റോടെയും
പേമാരിപെയ്തിടുന്നുണ്ടിന്നെവിടെയോ
നാമാശ്വസിച്ചതു ‘ദൂരദേശങ്ങളില്‍’
ആമനോധാരണയെല്ലാം തകര്‍ത്തെറി-
ഞ്ഞാമഴയിങ്ങെത്തിയാര്‍ത്തലച്ചാര്‍പ്പുമായ്്്
പാഞ്ഞൂ പരക്കം കയറിനില്‍ക്കാനൊരു
ചാഞ്ഞതാണെങ്കിലും കൂരകള്‍ തേടിനാം
പഞ്ഞമാസംപോലെയായൊരീ നാള്‍കളില്‍
കഞ്ഞിയുപ്പിട്ടു കുടിക്കാനറിഞ്ഞു നാം
അല്ലെങ്കിലും പണ്ടറിവുള്ളവര്‍ ചൊല്ലി-
യില്ലേമഹാത്ഭുതം ജീവിതസാഗരം
എല്ലായ്‌പ്പൊഴും കാത്തുവക്കും നമുക്കതായ്
വല്ലകാലത്തുമാരും നിനക്കാത്തവ
ജീവിതത്തീലുടനീളമുണ്ടേവരില്‍
പോവുന്നതങ്ങിനേയോരോനിമേഷവും
കേവലമിന്നതു ചിന്തയില്ലാത്തവര്‍
താവകനേട്ടമഹങ്കരിച്ചീടുമേ
നമ്മള്‍തന്‍ ഭാവിയറിഞ്ഞുവിന്നെങ്കിലോ
അമ്മദൈവങ്ങളും പൊട്ടിച്ചിരിച്ചുപോം
നമ്മള്‍ക്കു നമ്മളേയുള്ളെന്നറിയുവാ-
നിമ്മഹാമാരിയാലെങ്കിലുമോര്‍ക്കുക…
മണ്ണിലിന്നായിരമല്ലലക്ഷങ്ങളെ
വിണ്ണിലേക്കാനയിക്കുന്നൊരീനാള്‍കളില്‍
കണ്ണുതുറക്കുവാന്‍വേണ്ടിവന്നൂയിതാ
കണ്ണിനാല്‍കാണാത്ത
കൊച്ചുരോഗാണുവും
ഇപ്പോളിവിടെ മതമില്ല,ജാതിയി-
ല്ലല്‍പ്പരാഷ്‌ട്രീയം വിഷയമല്ലാതെയായ്്
എപ്പോഴുമാരാഗ്യമുണ്ടെങ്കില്‍ മാത്രമേ
കൂപ്പുവാനമ്പലം പള്ളിയുമുള്ളുപോല്‍
കര്‍ത്തവ്യമാത്മാര്‍ഥമായി ചെയ്തിട്ടുനാം
നേത്രമടച്ചീശ്വരന്നെ ജപിക്കുകില്‍
വ്യര്‍ഥമാവില്ലാ വിളിയതെന്നോര്‍ക്കുക
കൃത്യമായീശനതു സ്വീകരിച്ചീടും
കോടിശ്വരനെങ്കിലും നമുക്കിത്തിരി
കേടുകൂടാത്തതാം ഭക്ഷണം കിട്ടണം
പേടിയില്ലാതെ കിടക്കുവാനായ് നമു-
ക്കോടുമേഞ്ഞോലയോ കെട്ടിയ കൂരയും
എന്തൊക്കെ സാഹസം ജീവിതവേദിയില്‍
പന്തുരുളുംപോലുരുണ്ടു നീങ്ങീടിലും
സ്വന്തമായുള്ളോരു നമ്മള്‍തന്‍ വീട്ടിലാ-
യന്ത്യനാളെത്തീടണം സത്യദര്‍ശനം..
പാമരന്‍ പാണ്ഡിത്യഭേദമില്ലാതെയായ്
കോമനും കേമനും തുല്യരായ്
തീര്‍ന്നുപോയ്
സീമയില്ലാതെ കുചേലന്‍ കുബേരനും
ഓമനപ്പൂമുഖമാവരണത്തിലായ്
ഒന്നുമില്ലെങ്കിലുമെന്നും ദിവാകരന്‍
മന്നിലുദിച്ചസ്തമിച്ചു പതിവുപോല്‍
ഇന്നീപ്രകാശം പരത്തട്ടെ ഭൂമിയി-
ലന്നുമീ നാളുകളോര്‍മയുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: