കൊച്ചി: കൊറോണ ഭീഷണി മറികടന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സത്യവാചകം ചൊല്ലി 785 പേര് അഭിഭാഷകരായി എന്റോള്‍ ചെയ്തു. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു എന്റോള്‍മെന്റ്. കേരള ബാര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എന്റോള്‍മെന്റ് ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ. കെ.പി. ജയചന്ദ്രന് സത്യവാചകം ചൊല്ലി കൊടുത്തു.
കേരളത്തിനു പുറമേ തമിഴ്നാട്ടിലും ദല്‍ഹിയിലും ആന്‍ഡമാനിലുമിരുന്ന് നിയമ ബിരുദ ധാരികള്‍ ഈ സത്യവാചകം ഏറ്റു ചൊല്ലി അഭിഭാഷകരായി. 25 പേരുള്‍പ്പെട്ട ഓരോ ഗ്രൂപ്പായാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവരെ പ്രത്യേകം വിളിച്ച് എന്റോള്‍ ചെയ്തതായി അറിയിച്ചതോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.
കൊറോണ രോഗ ഭീഷണി ഒഴിഞ്ഞ ശേഷം ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അതേസമയം, ഓണ്‍ലൈനായി എന്റോള്‍ ചെയ്തവര്‍ക്ക് അടുത്ത ദിവസം മുതല്‍ അഭിഭാഷകരായി പ്രാക്ടീസ് തുടങ്ങാന്‍ കഴിയുമെന്നും ബാര്‍ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. വെബ് എക്സ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തടസങ്ങളൊന്നുമില്ലാതെ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാനായെങ്കിലും ഈ രീതി തുടരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ബാര്‍ കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: