തൃശൂര്‍: ഓണ്‍ലൈന്‍ പഠനകാലത്ത് പുസ്തകവണ്ടിയുമായി അധ്യാപകര്‍ വീടുകളിലേക്ക്. വടക്കാഞ്ചേരി ആര്യംപാടം സര്‍വ്വോദയം ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകരാണ് വേറിട്ട പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കൊറോണ പശ്ചാത്തലത്തില്‍ നാടെങ്ങും ഓണ്‍ലൈന്‍ പഠനം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം.
ഇതിനായി കുട്ടികളുടെ വീടുകളിലേക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്നതിനാണ് പുസ്തക വണ്ടികളുമായി അധ്യാപകര്‍ നിരത്തിലിറങ്ങിയിട്ടുള്ളത്. പുസ്തകങ്ങള്‍ക്കായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തുമ്പോള്‍ ഉണ്ടാവാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാട്ടിലെ ഓട്ടോറിക്ഷകളില്‍ ഓരോ വാഹനങ്ങളിലും 2 അധ്യാപകര്‍ എന്നിങ്ങനെ 8 സംഘങ്ങളായാണ് പ്രവര്‍ത്തനം. മാസ്കും ഗ്ലൗസുകളും ധരിച്ച് സാനിറ്റൈസര്‍ ഉള്‍പ്പടെ ഉപയോഗിച്ച് കൊറോണ പ്രതിരോധം ഉറപ്പുവരുത്തിയാണ് മാതൃക പദ്ധതി നടപ്പിലാക്കുന്നത്.
സ്കൂളിലെ വിവിധ പ്രദേശങ്ങളിലായുള്ള 6 മുതല്‍ 10 വരെയുള്ള 500ഓളം കുട്ടികളുടെ വീടുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ പഠന നിലവാരം ഉറപ്പുവരുത്തുന്നതിനായി ജില്ലയിലാദ്യമായി ആരംഭിച്ച മാതൃക പദ്ധതിക്ക് കൈയ്യടിക്കുകയാണ് രക്ഷിതാക്കളും വിദ്യാര്ത്ഥികളുമുള്പ്പടെയുള്ള നാട്ടുകാര്‍. സ്കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച പുസ്തക വണ്ടികളുടെ യാത്ര, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കെ.വി ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപിക വി.വി ശ്രീല,പിടിഎ പ്രസിഡന്റ് സി.സി സാബു,സ്കൂള്‍ മാനേജര്‍ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: