തിരുവനന്തപുരം: രാമചന്ദ്രന് ടെക്സ്റ്റയില്‍സ് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ബിഎംഎസ് പ്രതിഷേധം. ബിഎംഎസ് ജില്ലാ സെക്രട്ടറി തൃപ്പാദപുരം കെ. ജയകുമാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കൊറോണ മാനദണ്ഡങ്ങള്‍ മറികടക്കാനും തൊഴിലാളി വിരുദ്ധനയങ്ങള്‍ നടപ്പാക്കി അധികാരികളെ കൂട്ടുപിടിച്ച് രക്ഷപ്പെടാമെന്നും സ്ഥാപന മാനേജ്മെന്റ് വിചാരിക്കേണ്ടെന്ന് കെ. ജയകുമാര്‍ പറഞ്ഞു. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നാടിന് ഭീഷണിയായിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. രാമചന്ദ്രന് ടെക്സ്റ്റയില്‍സ് കൊറോണ ഭീതി പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികളെ വളര്‍ത്തുന്നപോലെയാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. തൊഴില്‍ ചെയ്യുന്നവരെ മാനസികമായി പീഡിപ്പിക്കുകയാണ്. മുമ്പ് ഒരു കുട്ടി ഇവിടത്തെ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിച്ച സംഭവമുണ്ടായിരുന്നു. ന്യായമായ വേതനമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നില്ല.
തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്നതുവരെ ബിഎംഎസ് സമരം ചെയ്യും. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നിയമം അനുസരിച്ച് തൊഴിലാളികളെ സംരക്ഷിച്ചില്ലെങ്കില്‍ രാമചന്ദ്രന് ടെക്സ്റ്റയില്‍സിലെ എല്ലാ സ്ഥാപനങ്ങള്‍ക്കു മുന്നിലും ശക്തമായ സമരപരമ്പര തന്നെയുണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു.
ജില്ലാ ജോയിന്റ് സെക്രട്ടറി വി. രാജേഷ്, ചാല മേഖലാ പ്രസിഡന്റ് ആര്. രാജശേഖരന്, സെക്രട്ടറി ശിവകുമാര്‍, കരമന മേഖലാ സെക്രട്ടറി വി. ഹരികുമാര്‍, ചാല മേഖലാ ഭാരവാഹികളായ ഗോപാലകൃഷ്ണന്, വിജയകുമാര്‍, രാജേഷ്, ചാല ഉപമേഖലാ പ്രസിഡന്റ് രാജീവ്, ഉപമേഖലാ സെക്രട്ടറി ജയകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: