പരപ്പ: സഹോദരിമാരില്‍ മൂത്തവള്‍ പിജി വിദ്യാര്‍ത്ഥിനി, ഇളയത് ഡിഗ്രി പഠിക്കുന്നു. രണ്ടുപേരും പഠിക്കാന്‍ മിടുക്കികളാണ്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാംവാര്‍ഡ് പ്ലാച്ചിക്കല്ലിലെ കൂലിപണിക്കാരനായ രഘുനാഥ(49)ന്റെയും തൊഴിലുറപ്പ് ജോലിക്കാരിയായ സുമ(45)യുടേയും മക്കളാണ് അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളില്‍ മണ്ണെണ്ണ വിളക്കിന്റെ ചുറ്റുമിരുന്ന് പഠിച്ച് മിടുക്കികളായത്.
സുരഭി പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ ഹിന്ദി ഒന്നാം വര്‍ഷ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ്. ഇളയവള്‍ ശ്രുതി ചീമേനി ഐഎച്ച്ആര്‍ഡി കോളേജില്‍ ബികോം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. ലോക് ഡൗണ്‍ വന്നതോടെ ഓണ്‍ലൈന്‍ പഠനത്തിന് വഴിമുട്ടി നില്‍ക്കുകയാണ് ഇരുവരും.വീട്ടില്‍ ആകെയുള്ളത് ഒരു സ്മാര്‍ട്ട് ഫോണാണ്. പിജി വിദ്യാര്‍ത്ഥിനിയായ സുരഭിക്ക് രാവിലെ 9.30ന് ഓണ്‍ലൈണ്‍ ക്ലാസ് ആരംഭിച്ചാല്‍ ഉച്ചവരെ നീണ്ടു നില്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്തു തീര്‍ക്കണം.
ഫോണ്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ തൊട്ടടുത്തുള്ള ബന്ധു വീട്ടിനെ ആശ്രയിക്കണം. ഉച്ചയ്ക്ക് ക്ലാസ് തീരുമ്പോഴേക്കും ചാര്‍ജ് മുഴുവനും തീര്‍ന്നിട്ടുണ്ടാവും. ഉച്ചക്ക് കിട്ടുന്ന ഇടവേളയില്‍ ചാര്‍ജ് ചെയ്യാന്‍ ഫോണുമായി ബന്ധുവീട്ടിലേക്ക് ഓടണം. അനിയത്തി ശ്രുതിക്കാണെങ്കില്‍ രാവിലെ 10 മുതല്‍ ഉച്ചവരെയാണ് ക്ലാസ്. അവള്‍ക്ക് ഫോണില്ലാത്തതിനാല്‍ ചീമേനിയിലേക്ക് കല്യാണം കഴിഞ്ഞ് പോയ മൂത്ത ചേച്ചി സുരമ്യയുടെ വീട്ടിലേക്ക് താല്‍ക്കാലികമായി മാറി താമസിക്കുകയാണ്. ഷീറ്റ് മേഞ്ഞ ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. വളര്‍ന്ന് വരുന്ന മക്കളെ അടച്ചുറപ്പുള്ള വീട്ടിലാക്കണമെന്ന അതിയായ മോഹത്താല്‍ പിതാവ് രഘുനാഥന് മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താല്‍ ലഭിച്ചതുമില്ല.
ഇപ്പോള്‍ അടുത്ത ബന്ധു നല്കിയ 10 സെന്റ് ഭൂമിയിലാണ് ഷെഡ് കെട്ടി താമസം. റേഷന്‍ കാര്‍ഡുണ്ടെങ്കിലും അത് സബ്ബ്സഡിയില്ലാത്ത എപിഎല്‍ ആണ്. നിരവധി തവണ ബിപിഎല്‍ കാര്‍ഡിലേക്ക് മാറാന്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉള്ളതെല്ലാം പെറുക്കി കൂട്ടി കടം വാങ്ങിച്ചും വീടിന് തറ കെട്ടിയെങ്കിലും കെട്ടിപ്പൊക്കാനാവാകതെ വിഷമിക്കുകയാണ് രഘുനാഥന്. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് തൊഴിലുമെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിന് പോലും തികയുന്നില്ല. വീട് ലഭിച്ചില്ലെങ്കിലും സാരമില്ല വൈദ്യുതിയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് ഈ വിദ്യാര്‍ത്ഥിനികളുടെ ഇപ്പോഴത്തെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: