മൂലമറ്റം: മഴക്കാലമായതോടെ പുറംലോകത്തെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുളമാവ് വലിയമാവ് നിവാസികള്‍. അറക്കുളം പഞ്ചായത്തിലെ കുളമാവിന് സമീപം വനത്തിനുള്ളിലാണ് വലിയമാവ് ഗ്രാമം. 45 വനവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഇവര്‍ക്ക് പുറം ലോകത്ത് എത്താനുള്ള ഏകവഴി വൈശാലി കവലയില്‍ നിന്നുള്ള മണ് റോഡാണ്. ആറു കിലോമീറ്ററുള്ള ഈ റോഡിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വനത്തിനുള്ളിലൂടെ ഉള്ള റോഡ് ആയതിനാല്‍ ഇതിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നില്ല. വനം വകുപ്പിന്റെ തടസമാണിതിനു കാരണം. റോഡ് തകര്‍ന്ന നിലയിലാണ്. ഇവിടെ നിന്നു പുറം ലോകത്ത് എത്തണമെങ്കില്‍ കാല്‍നടയായി എത്തണം.
രോഗികളോ മറ്റോ ഉണ്ടെങ്കില്‍ ഫോര്‍വീല്‍ ജീപ്പ് വിളിച്ചു വേണം ആശുപത്രിയില്‍ എത്തിക്കാന്‍ . ഉടുമ്പന്നൂര്‍ പഞ്ചായത്തും അറക്കുളം പഞ്ചായത്തും ഇവിടേയ്ക്ക് റോഡ് നിര്‍മ്മിച്ചിട്ടുണ്ടങ്കിലും ടാറിങ് നടത്താത്തതിനാല്‍ റോഡ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായതിനാല്‍ നടന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. രോഗികളെ കസേരയില്‍ എടുത്തും ചുമന്നുമാണ് റോഡില്‍ എത്തിക്കുന്നത്. പിന്നീട് വേണം ഇടുക്കിയിലോ അറക്കുളത്തോ എത്തിക്കാന്‍. ഇവിടത്തെ മുഴുവന്‍ ആള്‍ക്കാരും എസ്റ്റി വിഭാഗത്തില്‍പ്പെട്ട ആളുകളാണ്.
കോടി കണക്കിന് രൂപ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഫണ്ട് ഉണ്ടെങ്കിലും ഇവിടേയ്ക്ക് ആരും തിരിഞ്ഞ് നോക്കുന്നില്ല. ഫണ്ടുകള്‍ ഒന്നും ഇവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വോട്ട് തേടിയെത്തുന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ കാണാനില്ലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കാരണം വലിയ മാവ് താഴെ ഭാഗത്തുള്ള 13 കുടുബങ്ങള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഒരു തോട് കടന്ന് വേണം പുറത്തെത്താന്‍ തോടിന് പാലവുമില്ല. ഇവിടെ ആകെയുള്ളത് ഒരു അങ്കണവാടി മാത്രമാണ്. ദുരിതങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. അധികാരികളുടെ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഇവിടുത്തുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: