പോലീസ് വകവരുത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രാജനെ എനിക്കറിയില്ല. സമാനരീതിയില്‍ മരിക്കേണ്ടിവന്ന വര്‍ക്കലയിലെ വിജയനെക്കുറിച്ചും കേട്ടറിവേയുള്ളൂ. കൊടിയ മര്‍ദ്ദനമേറ്റ് ബാംഗ്ലൂര്‍ ജയിലില്‍ മരണപ്പെട്ട സ്നേഹലതാ റെഡ്ഡിയേയും മനസ്സിലാക്കിയത് പിന്നീടാണ്. രാജ്യമാകെ തടവറയാക്കി 1975 ജൂണ്‍ 25 അര്‍ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള ജയിലിലെ ആദ്യ കൊലപാതകമായിരുന്നു സ്നേഹലതാ റെഡ്ഡിയുടേത്. അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയതിന് തടവിലാക്കപ്പെട്ടവരില്‍ ആയിരം പേരെയെങ്കിലും എനിക്ക് നേരിട്ടറിയാം. അവരില്‍ പലരും കൊടിയ മര്‍ദ്ദനമേറ്റ് അവശരായി ഇന്നും ജീവിച്ചുപോകുന്നു. ഇന്ദിരാഗാന്ധിയുടെ അധികാരക്കൊതിയും സ്വേച്ഛാധികാര പ്രവണതയുമാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ജൂണ്‍ 12 ന് അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രകാരം മത്സരിക്കുന്നതിന് 6 വര്‍ഷത്തെ വിലക്കുമുണ്ടായിരുന്നു. സുപ്രീംകോടതി വിധി താല്‍ക്കാലികമായി തടഞ്ഞെങ്കിലും അടങ്ങിയിരിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്നുള്ള നടപടിയാണ് കിരാത ഭരണത്തിന് കാരണം.
അടിയന്തരാവസ്ഥക്കെതിരെ ശക്തമായ വികാരം ആദ്യ ദിവസങ്ങളില്‍ ഉയര്‍ന്നെങ്കിലും പിന്നീട് അലിഞ്ഞലിഞ്ഞ് ഇല്ലാത്തവിധമായി. പത്രങ്ങളുടെ വായ മൂടിക്കെട്ടുകയും സമരങ്ങള്‍ അനുവദിക്കാതിരിക്കുകയും ഒക്കെയായപ്പോള്‍ കട്ടപിടിച്ച ഇരുട്ടിന്റെ അന്തരീക്ഷം. എണ്ണപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ ജയപ്രകാശ് നാരായണന്, ആര്‍എസ്എസ് സംഘചാലക് ബാലാ സാഹേബ് ദേവറസ്ജി, എ.ബി.വാജ്പേയി, എല്‍.കെ.അദ്വാനി തുടങ്ങി ഒട്ടേറെ പേര്… ഇവരെല്ലാം മോചിതരായത് 19 മാസത്തിനുശേഷമാണ്. ഇ.എംഎസിനെയും എകെജിയേയും പോലുള്ള സിപിഎം നേതാക്കളെയും അറസ്റ്റുചെയ്തെങ്കിലും അവരെ ഒരാഴ്ചയ്ക്കകം വിട്ടയച്ചു. പിന്നീട് ഉയര്‍ന്നുവന്ന ജനകീയ സമരങ്ങളില്‍ അവര്‍ സഹകരിച്ചില്ല. ഏതാണ്ട് 1.75 ലക്ഷം പേര് അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തില്‍ പോലും ഒരേസമയം ഇത്രയും പേര് ജയിലില്‍ കിടന്നില്ല.
കൂടുതല്‍ പീഡനം നടന്നത് കേരളത്തിലായിരുന്നു. അതിനൊരു കാരണം സ്റ്റാലിന്റെ ശിഷ്യഗണങ്ങളില്‍പ്പെട്ട മുഖ്യമന്ത്രി ചേലാട്ട് അച്യുതമേനോനായിരുന്നു. ഇന്ദിരാഗാന്ധി ശിഷ്യന് കെ.കരുണാകരന് ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തു. കോണ്‍ഗ്രസിനെയും സിപിഐയേയും കൂടാതെ മുസ്ലീം ലീഗും ആര്‍എസ്പിയും കേരള കോണ്‍ഗ്രസുമെല്ലാം ആ കിരാത സര്‍ക്കാരില്‍ അംഗങ്ങളായിരുന്നു. പില്ക്കാലത്ത് അവരില്‍ പലരും അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞെങ്കിലും അന്നത്തെ കൊടുംക്രൂരതകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്കാര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
154 ആര്‍എസ്എസ്-ജനസംഘം പ്രവര്‍ത്തകര്‍ മിസാതടവിലും, നാലായിരത്തില്‍പ്പരം പേര് സത്യഗ്രഹമനുഷ്ഠിച്ചും തടവില്‍ കിടന്നു. കൂടാതെ കോണ്‍ഗ്രസുകാര്‍ക്ക് വിരോധമുള്ളവരും. പോലീസിന് കൈക്കൂലി കൊടുക്കാത്തവരും തടവില്‍ പോയി. ആയിരത്തോളം നക്സല്‍ പ്രവര്‍ത്തകരും സോഷ്യലിസ്റ്റ് പാര്‍ട്ടി, സര്‍വ്വോദയം, സംഘടനാ കോണ്‍ഗ്രസ്, പരിവര്‍ത്തനവാദി കോണ്‍ഗ്രസ്, പ്രതിപക്ഷലീഗ്, ആനന്ദമാര്‍ഗികള്‍ തുടങ്ങിയവരുമായിരുന്നു മറ്റുള്ളവര്‍. കുറച്ച് മാര്‍ക്സിസ്റ്റ് നേതാക്കന്മാരും മിസാ തടവുകാരായി കിടന്നിട്ടുണ്ട്. അവര്‍ക്ക് അത് സുവര്‍ണകാലമായിരുന്നു. രാഷ്ട്രീയ ആനുകൂല്യത്തിന്റെ പേരില്‍ എ.ക്ലാസ് തടവുകാരായി. ജയില്‍വാസം സുഖചികിത്സയ്ക്കും പരിപ്പ്, പപ്പടം കൂട്ടിയ ഓണസദ്യ ഉണ്ടും ചീട്ടുകളിച്ചും ആനന്ദത്തില്‍ ആറാടി തടി പോഷിപ്പിച്ചു.
ജൂലൈ രണ്ടിന് കോഴിക്കോട് ജനസംഘം ഓഫീസില്‍ ഉറങ്ങുകയായിരുന്ന വി.രവീന്ദ്രന് കെ.സി.കണ്ണന്, എ.ദാമോദരന്‍, തലശേരി സ്വദേശി കെ.ലക്ഷ്മണന്, കോഴിക്കോട് നടരാജന് (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ നടന്ന ആദ്യത്തെ അറസ്റ്റായിരുന്നു അത്. നേരത്തെ നിശ്ചയിച്ചിരുന്ന പാര്‍ട്ടി ക്യാമ്പില്‍ പങ്കെടുക്കുന്നതിനാണ് കോഴിക്കോട്ട് എത്തിയത്. പാര്‍ട്ടി ഓഫീസില്‍ ഉറങ്ങിയ ഇവരെ അര്‍ധരാത്രി പോലീസ് പിടിക്കുകയായിരുന്നു. പിടിച്ച ഉടനെ കണ്ണും കയ്യും കെട്ടി പോലീസ് വാനില്‍ കയറ്റി അതില്‍ വേറെയും അഞ്ചുപേരുണ്ടായിരുന്നു. കണ്ണുകെട്ടിയതുകാരണം പരസ്പരം കാണാന്‍ കഴിഞ്ഞിരുന്നില്ല. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന പി.നാരായണ്‍ ജി ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, കേസരി വാരികയിലെ പ്രൂഫ് റീഡറും കോട്ടയം സ്വദേശിയുമായിരുന്ന രാജശേഖരന്, ആര്‍എസ്എസ് പ്രചാരകന് പെരച്ചന്, വയനാട് സ്വദേശി കെ.ദാമോദരന്‍. ആദ്യം പറഞ്ഞ മൂന്നുപേരെ കോഴിക്കോട് അലങ്കാര്‍ ലോഡ്ജില്‍ വെച്ചും മറ്റു രണ്ടുപേരെ കോഴിക്കോട് ആര്‍എസ്എസ് കാര്യാലയത്തില്‍ വച്ചുമാണ് അറസ്റ്റുചെയ്തത്. അവരുടെയും കണ്ണുകെട്ടിയിരുന്നു. എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. എന്താണ് ചെയ്യാന്‍ പോകുന്നത് ഒന്നും അറിയില്ല. ആകെ ഒരു ഭീകരമായ അന്തരീക്ഷം. പോലീസ് വാന്‍ കുറേ ഓടി കഴിഞ്ഞതിനുശേഷം ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി. പിന്നീട് അത് പോലീസ് കണ്ട്രോള് റൂമാണെന്ന് മനസ്സിലായി. വി.രവീന്ദ്രന് അനുഭവം പറയുന്നു. ‘എന്നെ കൊല്ലുന്നേ… എന്നെ കൊല്ലുന്നേ…’ എന്ന് ഒരാളുടെ നിലവിളി കേള്‍ക്കാമായിരുന്നു. നിലവിളിയുടെ ഒച്ച കൂടിയായപ്പോള്‍ ആ വായില്‍ തുണി തള്ളാനുള്ള ആക്രോശം കേള്‍ക്കുന്നു. പതുക്കെ ആ ശബ്ദം ഒരു ഞരക്കമായി മാറി. കോഴിക്കോട്ടെ അന്നത്തെ ജനസംഘത്തിന്റെ ജില്ലാ പ്രസിഡന്റായിരുന്ന യു.ദത്താത്രേയറാവു ആയിരുന്നു അതെന്ന് പിന്നീടറിഞ്ഞു. കോഴിക്കോട് എസ്.പി. ആയിരുന്ന ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലീസ് പട അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. അവിടെ നിന്ന് ഞങ്ങളെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടുത്തെ ലോക്കപ്പിലിട്ടു. ഞങ്ങളെ എന്തിന് അറസ്റ്റുചെയ്തു എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം ഒന്നുമറിയില്ല. രണ്ടുദിവസം കഴിഞ്ഞതിനുശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. അപ്പോഴാണ് മനസ്സിലായത് ഞങ്ങളുടെ പേരില്‍ ഒരു കള്ളക്കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്ന്. കോഴിക്കോട് ഹെഡ് പോസ്റ്റാഫീസിന്റെ ചുമരില്‍ ഇന്ദിരാഗാന്ധിക്കെതിരെ മുദ്രാവാക്യം എഴുതി എന്നതായിരുന്നു ഞങ്ങളുടെ പേരില്‍ ചാര്‍ത്തിയ കുറ്റം. ഒരു തെറ്റും ചെയ്യാതെ ഉറങ്ങാന്‍ കിടന്ന ഞങ്ങളെ രാത്രി കണ്ണുംകെട്ടി കൊണ്ടുപോയി രണ്ടുദിവസം ഭക്ഷണമോ കുടിക്കാനുള്ള വെള്ളമോ തരാതെ പോലീസ് ലോക്കപ്പിലിട്ട് പീഡിപ്പിച്ച്, ഒരു കള്ളക്കേസും ചാര്‍ജ് ചെയ്ത് 4 മാസം ജയിലിലടച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇവിടുത്തെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട പോലീസിനെ അങ്ങനെ അങ്ങ് വിശ്വസിക്കാന്‍ പറ്റില്ല എന്ന്.”
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സമരം ചെയ്തതും ജയിലില്‍ പോയതും കാസര്‍കോട് താലൂക്കില്‍ നിന്നാണ്. ആദ്യത്തെ അറസ്റ്റ് അഡ്വക്കേറ്റ് കെ.സുന്ദരറാവുവിനെയായിരുന്നു. അന്ന് ജനസംഘത്തിന്റെ കാസര്‍കോട്ടെ നേതാവായിരുന്നു അദ്ദേഹം. ആഗസ്റ്റ് 15-ന് സമരം ചെയ്ത അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്ന പോലീസ് മര്‍ദ്ദനം അതികഠിനമായിരുന്നു. അദ്ദേഹത്തെ മിസ പ്രകാരം അറസ്റ്റുചെയ്തു കണ്ണൂര്‍ ജയിലിലടച്ചു. സമരം നടന്നത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലോക് സംഘര്‍ഷ സമിതിയുടെ പേരിലായിരുന്നെങ്കിലും അണിയറയില്‍ മുഴുവന്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസും ജനസംഘത്തിന്റെ പ്രവര്ത്തകന്മാരുമായിരുന്നു. ഈ രണ്ടു സംഘടനകള്‍ക്കും നല്ല സ്വാധീനമുള്ള പ്രദേശമായിരുന്നു കാസര്‍കോട്. ഏകദേശം 800 ആളുകള്‍ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയിട്ടുണ്ട്. അതില്‍ പകുതിയോളം പേര് ഇന്ന് ജീവിച്ചിരിപ്പില്ല. തികച്ചും സമാധാനപരമായി ഗാന്ധിയന്‍ മാര്‍ഗം സ്വീകരിച്ചുകൊണ്ടായിരുന്നു സമരം നടന്നത്. മൊത്തം 14 ബാച്ചുകളിലായി കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, മുള്ളേരിയ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലായിരുന്നു സമരം. നവംബര്‍ 14-ാം തീയതി ആദ്യത്തെ 5 ബാച്ചുകളിലായി 5 സ്ഥലങ്ങളില്‍ സമരം നടന്നു. കാസര്‍കോട് ടി.ആര്.കെ. ഭട്ട്, എസ്.വിഷ്ണുഭട്ട്, കുമ്പള എച്ച്.ശങ്കര ആള്‍വ, മുള്ളേരിയ വി.ആര്.ഷേണായി, എം.സഞ്ജീവ ഷെട്ടി, ബദിയടുക്ക ബലക്കള ഗണപതിഭട്ട്, മഞ്ചേശ്വരം നാരായണ ഷെട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഗാന്ധിജിയുടെ ഫോട്ടോ കഴുത്തിലിട്ടു ഒരു ബാച്ചില്‍ 30 ഓളം ആളുകള്‍ക്ക് ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കീ ജയ്, അടിയന്തരാവസ്ഥ പിന്‍വലിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് സമാധാനപരമായിരുന്ന ഈ സമരത്തെ പോലീസ് നേരിട്ട രീതി അത്യന്തം ഭയാനകമായിരുന്നു. പോലീസിന്റെ ലാത്തിപൊട്ടുന്നതുവരെ അതിനിഷ്ഠൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. സമര സ്ഥലത്തുനിന്ന് തല്ലിയത് പോരാതെ ലോക്കപ്പില്‍ കൊണ്ടുപോയി ഓരോ പോലീസുകാരന്റെയും കൈത്തരിപ്പ് തീരുന്നതുവരെ തല്ലി. പിന്നീട് ഡിഎആര്‍ പ്രകാരം ജയിലിലടച്ചു. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം വകവയ്ക്കാതെ വീണ്ടും സമരമുഖത്ത് ധീരമായ പ്രവര്ത്തകന്മാര് വരും. അത്യന്തം അഭിമാനകരമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പോലീസിന്റെ എല്ലാ മര്‍ദ്ദനമുറകളെയും അതിജീവിച്ചുകൊണ്ട് കുമ്പളയിലും, കാസര്‍കോടും വീണ്ടും സമരം നടന്നു. സമരങ്ങളില്‍ കെ.ജഗദീശ്, ടി.രാമന്, അഡൂര്‍ ഗണേശ് റാവു, കെ.ഗിരിധര്‍ കാമത്ത് നേതൃത്വം കൊടുത്തു. കുമ്പളയിലെ സമര മുഖത്ത് കെ.ദാമോദര ഭട്ട്, കെ.ജനാര്‍ദ്ദന ആചാരി എന്നിവര്‍ക്കായിരുന്നു നേതൃത്വം. പോലീസിന്റെ മര്‍ദ്ദനമുറകള്‍ കൂടിക്കൂടി വന്നു. സമരത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് നന്നേ പാടുപെടുന്നുണ്ടായിരുന്നു. പോലീസ് എത്ര ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല.
പോലീസിന്റെ തല്ല് അസഹനീയമായപ്പോള്‍ ഒരു പുതിയ സമരരീതി ആസൂത്രണം ചെയ്തു. ജനുവരി 5 ന് ഒരു പുതിയ സമരം നടത്തി. തല്ലുമ്പോള്‍ പോലീസിന്റെ ലാത്തി പിടിക്കുക. അത് കാണാന്‍ വലിയ ജനക്കൂട്ടമെത്തി. ഏറെ വിദ്യാര്‍ഥികള്‍. ഇവരില്‍ കുറേപേരെ കസ്റ്റഡിയിലെടുത്തു. നഗ്നരാക്കി ജനനേന്ദ്രിയങ്ങള്‍ക്ക് ലാത്തി പ്രയോഗം. നിരവധി പേര് അവശരായി. എഎസ്പി അച്യുതരാമന്റെ നേതൃത്വത്തില്‍, സമരത്തില്‍ പങ്കെടുത്തവരും നേതൃനിരയിലുള്ളവരുമായ നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്ന പ്രക്രിയ തുടങ്ങി. നൂറുകണക്കിനാളുകള്‍ക്ക് കെടുതി അനുഭവിക്കേണ്ടിവന്നു. ഇത് അവിടെ മാത്രം ഒതുങ്ങിയതല്ല.
രണ്ടാം സ്വാതന്ത്ര്യസമരമെന്നാണ് അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തെ വിശേഷിപ്പിക്കാറ്. ഒന്നാം സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഒട്ടനവധി സൗകര്യങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചവരെ ഇവിടെ തിരിഞ്ഞുനോക്കുന്നില്ല. മര്‍ദ്ദനമേറ്റ് അവശരായവര്‍ക്ക് മരുന്നിനുപോലും കാശില്ല. 11 സംസ്ഥാനങ്ങള്‍ ഇത്തരം ആളുകള്‍ക്ക് ആനുകൂല്യം നല്‍കുന്നുണ്ട്. കേരളത്തിനെപ്പറ്റി മിണ്ടാട്ടമില്ല. അവരുടെ ആവശ്യങ്ങള്‍ വനരോദനമായിമാറി. 45-ാം വാര്ഷികമേളയിലെങ്കിലും സജീവമായി പരിഗണിക്കേണ്ട വിഷയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: