തൊടുപുഴ: ഫുട്പാത്തിലൂടെയുള്ള യാത്രയ്ക്ക് ഭീഷണിയായി മരച്ചില്ലകള്‍. നഗരമധ്യത്തില്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമാണ് മരച്ചില്ലകള്‍ യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നത്.
റസ്റ്റ്ഹൗസ് വളപ്പില്‍ നില്ക്കുന്ന മരങ്ങളുടെ ചില്ലകള്‍ പുറത്തേക്ക് വളര്‍ന്ന് പന്തലിച്ചു നില്ക്കുന്നതിനാല് ഫുട്പാത്തിലൂടെ ആളുകള്‍ക്ക് സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. നൂറുകണക്കിനാളുകളാണ് ഈ ഭാഗത്തുകൂടി ദിവസവും കാല്‍നടയായി സഞ്ചരിക്കുന്നത്. ഫുട്പാത്തിലേക്ക് മരച്ചില്ലകള്‍ വളര്ന്നുനില്ക്കുന്നതിനാലും ഇതിനുസമീപത്തായി വാഹനങ്ങള്‍ പാര്ക്കുചെയ്തിരിക്കുന്നതും മൂലം തിരക്കേറിയ റോഡിലൂടെ വേണം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍.
തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന റോഡിലേക്കിറങ്ങി സഞ്ചരിക്കുന്നതു പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. ഡോ. എ.പി.ജെ അബ്ദുള്‍കലാം ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മുന്‍വശം മുതല്‍ പ്രസ്ക്ലബിനു സമീപം വരെ മരച്ചില്ലകള്‍ ഫുട്പാത്തിലേക്ക് വളര്‍ന്നുനില്‍ക്കുകയാണ്. ആളുകളുടെ കാല്‍നട യാത്ര തടസപ്പെടുത്തി പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റസ്റ്റ്ഹൗസിനു മുന്നില്‍ വളര്ന്നുനില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിനീക്കാന്‍ അധികൃതര്‍ തയാറാകാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
റസ്റ്റ് ഹൗസിന്റെ പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള വൈദ്യുതി പോസ്റ്റിലും ലൈനിലും മരച്ചില്ലകള്‍ മുട്ടിയുരുമ്മിനില്ക്കുന്നതു അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. മന്ത്രിമാരടക്കം പ്രമുഖര്‍ എത്തുന്ന റസ്റ്റ്ഹൗസിനു മുന്നില്‍ ആളുകള്‍ക്ക് ദുരിതമാകുന്ന മരച്ചില്ലകള്‍ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സ്കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര മേഞ്ഞിരുന്ന ഷീറ്റ് സമീപത്തെ വെയിറ്റിംഗ് ഷെഡ്ഡിനു മുകളിലേക്ക് കാറ്റില്‍ മറിഞ്ഞു വീണത് നീക്കം ചെയ്യാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
വാഹനങ്ങള്‍ ചീറിപായുന്ന റോഡിലേക്ക് ഷിറ്റ് തള്ളിനില്ക്കുന്ന നിലയിലാണ്. വീണ്ടും കാറ്റുവീശിയാല്‍ ഷീറ്റ് റോഡിലേക്ക് വീഴുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. അധികൃതര്‍ അനാസ്ഥ വെടിഞ്ഞ് സുരക്ഷയ്ക്ക് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: