തിരുവനന്തപുരം: ‘നമസ്കാരം, ഇന്നത്തെ വാര്‍ത്തയിലേക്ക് അക്ഷരനാദം ശ്രോതാക്കള്‍ക്ക് സ്വാഗതം…’ കണ്ണില്‍ ഇരുട്ടുമാത്രമുള്ളവര്ക്ക് കേള്‍ക്കാന്‍ ഒരു അന്ധനായ അധ്യാപകന് വികസിപ്പിച്ചെടുത്ത വാട്സ്ആപ്പ് റേഡിയോ നിലയം. അതിലൂടെ ദിവസേന നൂറുകണക്കിന് കാഴ്ച പരിമിതരാണ് ഈ ശബ്ദം കേള്‍ക്കുന്നത്.
കാണാനാവാത്തത് കേള്‍ക്കാന്‍, അറിവിന്റെ പ്രകാശം അകക്കണ്ണിലൂടെ ആവാഹിക്കാന്‍, തന്നെപ്പോലെ കാഴ്ചയില്ലാത്തവര്‍ക്കായി തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ രജനീഷാണ് അക്ഷരനാദം ഫൗണ്ടേഷന് എന്ന ചാരിറ്റബിള്‍ ട്രസ്റ്റും വാട്സ്ആപ്പ് കൂട്ടായ്മയും തുടങ്ങിയത്.
കാഴ്ചയില്ലാത്തതുമൂലം പത്രം വായിക്കാനോ റഫറന്‍സ് ബുക്കുകള്‍ പരതാനോ പിഎസ്സി പോലുള്ള പൊതുപരീക്ഷകളില്‍ നന്നായി പ്രകടനം നടത്താനോ പറ്റാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് കൈത്താങ്ങാണ് രജനീഷ് മുന്‍കയ്യെടുത്ത് രൂപീകരിച്ച ‘അക്ഷരനാദം ഫൗണ്ടേഷനും’ വാട്സ്ആപ്പ് ഗ്രൂപ്പും. ഇന്റര്‍നെറ്റ് കാഴ്ചപരിമിതര്‍ക്കായി തുറന്നിട്ട സാധ്യതകളാണ് രജനീഷിന് ഈ സംരംഭം തുടങ്ങാന്‍ പ്രേരണ. ആന്‍ഡ്രോയ്ഡ് ഫോണിലെ ടോക് ബാക് സംവിധാനം ഉപയോഗിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് അക്ഷരനാദം ശ്രോതാക്കളാവാന്‍ സാധിക്കുമെന്ന് രജനീഷ്. വാട്സ്ആപ്പ് ആണ് അക്ഷരനാദത്തിന്റെ പ്രധാന ചാനല്‍. രാവിലെ പത്രംവായന, ശുഭചിന്ത വിഷയം, ദിവസത്തിന്റെ പ്രത്യേകതകള്‍ പരാമര്‍ശിച്ചുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നിവയിലൂടെയാണ് അക്ഷരനാദത്തിലെ ദിവസം ആരംഭിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് അന്ധരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അക്ഷരനാദം വാട്സ് ആപ്പ് റേഡിയോയിലൂടെ കഥ, കവിത, ലളിതഗാനം, ശാസ്ത്രീയ സംഗീതമത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ് രജനീഷ്. മത്സരാര്‍ത്ഥികള്‍ക്ക് 9496365507 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വീണ അധ്യാപികയാണ് ഭാര്യ സംഗീത. സംഗീതയ്ക്കും കാഴ്ചക്ക് ഭാഗികമായി പരിമിതിയുണ്ട്. കേരള സര്‍വകലാശാലയില്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും സംഗീത ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. പിഎസ്സിയില് നാലാം റാങ്കോടെയാണ് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ സംഗീത ജോലി നേടിയത്. പഠിച്ചതും അവിടെ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: