കോട്ടയം: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ ഭൂമിയുടെ വില നല്‍കാനുള്ള നീക്കത്തെ സിപിഐയും എതിര്‍ക്കുന്നു. ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനായതിനാല്‍ അതിന്റെ വില നല്കാന് കഴിയില്ലെന്ന നിലപാടാണ് റവന്യു വകുപ്പ് കൈവശമിരിക്കുന്ന സിപിഐക്ക്. എസ്റ്റേറ്റിലെ മരങ്ങള്‍, കെട്ടിടങ്ങള്‍, സ്ഥാവര വസ്തുക്കള്‍ എന്നിവയുടെ വില കണക്കാക്കി കോടതിയില്‍ കെട്ടിവച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് റവന്യു വകുപ്പ് ആലോചിക്കുന്നത്.
എന്നാല്‍, ഭൂമിയുടെ വില കെട്ടിവച്ച് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ പിന്തുണയോടെ അണിയറ നീക്കങ്ങള്‍. ഇതിനായി എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ബിലിവേഴ്സ് ചര്‍ച്ചും സിപിഎം നേതൃത്വവും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞ ദിവസമാണ് ശബരിമല വിമാനത്താവളത്തിനായി ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഒരു രൂപ പോലും നല്‍കാതെ ഏറ്റെടുക്കണമെന്നും വിമാനത്താവളത്തിന്റെ ഉപയോഗത്തിന് ശേഷമുള്ള ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നുമാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വിമാനത്താവളത്തിനായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതോടെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാനാണ് നീക്കം. ഇതോടെ ഭൂമിയുടെ വില കുതിച്ച് ഉയരും. ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാടിന് കളമൊരുക്കുമെന്നാണ് ഭൂരഹിതരുടെ സംഘടനകള്‍ പറയുന്നത്.
ഭൂമിയുടെ വില നല്‍കാതെ സ്ഥാവര വസ്്തുക്കളുടെയും മരങ്ങളുടെയും വില കണക്കാക്കിയാല്‍ കോടതിയില്‍ കെട്ടിവയ്ക്കേണ്ട തുക കുറവയായിരിക്കും. എസ്റ്റേറ്റിലെ ഒട്ടുമിക്ക ബ്ലോക്കുകളിലെയും മരങ്ങള്‍ കൈവശക്കാര്‍ മുറിച്ച് കടത്തിയിരുന്നു. ഇവിടെ റബ്ബര്‍ റീ പ്ലാന്റ് ചെയ്തിരിക്കുകയാണ്. കൂടാതെ കൈതച്ചക്ക കൃഷിയുമുണ്ട്.
ഇവയുടെയും കെട്ടിടങ്ങളുടെയും മൂല്യം നോക്കിയാല്‍ കുറഞ്ഞ തുക മാത്രമാണ് കെട്ടിവയ്ക്കേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: