കോഴിക്കോട്: വാഹന നിരോധനം മിഠായി തെരുവിലെയും സമീപപ്രദേശത്തെയും വ്യാപാരികളെയും കയറ്റിറക്ക് തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയതായി വ്യാപാരി സംഘടനകള്‍.
അധികാരികള്‍ ഉറപ്പുനല്‍കിയ കിഡ്സണ്‍ കോര്‍ണര്‍, ലിങ്ക് റോഡ്, പാര്‍ക്കിങ് പ്ളാസ നിര്‍മാണങ്ങള്‍ തറക്കല്ലിടലില്‍ ഒതുക്കി. നവീകരിച്ച മിഠായിതെരുവിന്റെ പിന്നിലെ പാര്‍ക്കിംഗ് സൗകര്യങ്ങളും, ഗോഡൗണുകളും ഉപയോഗിക്കാന്‍ കഴിയുന്നില്ല. തന്മൂലം സമീപ റോഡുകളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കയറ്റിറക്ക് നടത്തുന്നതും.
കെട്ടിട ഉടമകളും സ്ഥാപനം നടത്തുന്നവരും ജപ്തി ഭീഷണിയിലാണ്. പ്രമുഖ കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും കിടപ്പാടം വരെ ബാങ്ക് ജപ്തി നടത്തിയത് കഴിഞ്ഞ മാസങ്ങളിലാണ്. മതിയായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ മിഠായിത്തെരുവ് വാഹന നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഈ മേഖലയിലെ ഓള് കേരള കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. അസോസിയേഷന് പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി അധ്യക്ഷനായി. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സിറ്റി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.ഇ. അഷറഫ്, സെക്രട്ടറി എം.എന്‍. ഉല്ലാസന്, എംപി റോഡ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ. അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി എം.കെ. ഹനീഫ, ചെറുകിട കെട്ടിട ഉടമ അസോസിയേഷന് പ്രസിഡന്റ് പി. ആഷിം, സെക്രട്ടറി കെ.സലീം, ന്യൂ ബസാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ. പ്രേംജി, സെക്രട്ടറി സി.വി. ഗിവര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: