തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ പഠനം പാളിയതിനു പിന്നാലെ പാഠപുസ്തക വിതരണവും താളംതെറ്റി. ഓണ്‍ലൈന്‍ പഠനം തുടങ്ങി 20 ദിവസം കഴിയുമ്പോഴും സ്കൂളുകളില്‍ പാഠപുസ്തകമെത്തിയില്ല. മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി വിതരണോദ്ഘാടനം നടത്തിയ മൂന്നു കോടി 23 ലക്ഷം പുസ്തകങ്ങള്‍ എവിടെയെന്ന് അധ്യാപകരും രക്ഷിതാക്കളും. ഓണ്‍ലൈന്‍ പഠനത്തിന് എല്ലാ സൗകര്യവും ഒരുക്കിയെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞത് പോലെ പാഠപുസ്തകവിതരണവും നിലച്ചു.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പുസ്തകങ്ങള്‍ അധ്യാപകരോ ബിആര്‍സി ക്ലസ്റ്റര്‍ പ്രമുഖരോ വീട്ടിലെത്തിക്കുകയോ സാമൂഹിക അകലം പാലിച്ച് രക്ഷിതാക്കളെ വിളിച്ചുവരുത്തി കൈമാറുകയോ ചെയ്യണമെന്നതായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ചില ജില്ലകളില്‍ കെബിപിഎസിന്റെ സൊസൈറ്റികളില്‍ സ്റ്റോക്കുണ്ടായിരുന്ന പഴയ പുസ്തകങ്ങള്‍ പ്രൈമറി സ്കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വിതരണം ചെയ്തു. എന്നാല്‍ അച്ചടിച്ച പുസ്തകങ്ങള്‍ എത്താത്തതിനാല്‍ വിതരണം നിര്‍ത്തി. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലേക്കുള്ള പുസ്തകം എങ്ങുമെത്തിയിട്ടില്ല.
ഈ അധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിയതായാണ് കഴിഞ്ഞ വര്‍ഷം തന്നെ വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെട്ടത്. പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മാര്‍ച്ച് ഒന്നിന് കാക്കനാട് കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്)യില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് തന്നെ പാഠപുസ്തകം എത്തിച്ചു തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. അത് കഴിഞ്ഞ് 21 ദിവസത്തിന് ശേഷം ലോക്ഡൗണെത്തി. അതിലെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും പുസ്തകങ്ങള്‍ സ്കൂളുകളിലെത്തിയില്ല.
പത്താം ക്ലാസ്സിനും പ്ലസ്വണ്, പ്ലസ്ടുകാര്‍ക്കും പരീക്ഷ ഒരുക്കി. പ്രവേശന നടപടികളും ആരംഭിച്ചു. എന്നിട്ടും പുസ്തകം സ്കൂളുകളില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഓണ്‍ലൈന്‍ ക്ലാസ്സുകളിലെ പാഠഭാഗങ്ങളില്‍ തുടര്‍ പഠനം നടത്താനാകാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. സംസ്ഥാനത്ത് 1137 അംഗീകൃത സ്കൂളുകളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനമാണ് പാഠപുസ്തകം ലഭിക്കാത്തതിനാല്‍ ഗുരുതരമായ പ്രതിസന്ധിയിലായത്.
920 പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകരില്ലസംസ്ഥാനത്തെ 920 പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകരില്ല. അതിനാല്‍ പുസ്കങ്ങള് വന്നാലും സൊസൈറ്റിയില്‍ നിന്ന് ഏറ്റെടുക്കാന്‍ ആളില്ല. പ്രവേശനം നടത്തല്‍, ടിസി നല്കല്, സ്കൂള്‍ മെയിന്‍ന്റനന്‍സ്, ടൈംടേബിള്‍ തയാറാക്കല്‍, ഓണ്‍ലൈന്‍ ക്ലാസിന് വായനശാലാ അടക്കമുള്ളിടങ്ങളില്‍ സൗകര്യം ഉറപ്പുവരുത്തല്‍, യൂണിഫോം വിതരണം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടതും ഇവരാണ്. നൂറുകണക്കിന് എയിഡഡ് പ്രൈമറിയിലും ഹെഡ്മാസ്റ്റര്‍മാരില്ല. 2000ല്‍ അധികം പ്രൈമറി അധ്യാപക തസ്തികയും ഒഴിഞ്ഞുകിടക്കുന്നു.
സര്‍ക്കാരിന്റെ അവകാശവാദം
അധ്യയന വര്‍ഷം ആരംഭിക്കും മുമ്പേ പുസ്കങ്ങള് നല്‍കും. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിന് തയാര്‍. 3.35 ലക്ഷം പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി അച്ചടിച്ചു. കൊറോണ ബാധിച്ചതോടെ വിതരണത്തിന് പ്രത്യേക സംവിധാനമൊരുക്കി. രക്ഷിതാക്കളെ സ്കൂളുകളില്‍ വിളിച്ചുവരുത്തി നല്‍കുക. അതിന് കഴിയാത്ത ഇടങ്ങളില്‍ അധ്യാപകരോ ബിആര്‍സിയിലെ ക്ലസ്റ്റര്‍ പ്രമുഖര്‍ വഴിയോ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: