വെളിയം: വെളിയം അഞ്ചുമൂര്‍ത്തീ ക്ഷേത്രത്തിന്റെ ആറാട്ടുചിറയില്‍ മത്സ്യക്കൃഷി നടത്താനുള്ള നീക്കം വിവാദമാകുന്നു. പഞ്ചായത്തധികൃതരുടെ നീക്കത്തിനെതിരെ ഭക്തജനപ്രതിഷേധം ശക്തമാണ്.
ജില്ലാപഞ്ചായത്ത് പത്തുലക്ഷം രൂപ മുടക്കി ചിറ നവീകരിച്ചു വരികയാണ്. ജില്ലാ പഞ്ചായത്ത് നീന്തല്‍ കുളമായാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ അതിനെ അട്ടിമറിച്ച് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യകൃഷി നടത്താനാണ് പഞ്ചായത്തിന്റെ നീക്കം. മത്സ്യക്കൃഷിയിലൂടെ ക്ഷേത്രക്കുളം മലിനപ്പെടുമെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രച്ചിറയ്ക്ക് വലയിട്ടുമൂടി കമ്പിവേലി സ്ഥാപിച്ച് ഭക്തരുടെ പ്രവേശനം തടഞ്ഞുകൊണ്ട് മത്സ്യകൃഷി നടത്തുകയാണ് പദ്ധതി. എല്ലാവര്‍ഷവും ഭഗവാന്റെ ആറാട്ട് നടത്തുന്ന ചിറയാണിത്. ജില്ലാ പഞ്ചായത്ത് ആറാട്ടുകടവ് പ്രത്യേകം കെട്ടി തിരിച്ച് നല്കിയിട്ടുള്ളതും ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതുമാണ്. മൂന്നുവര്‍ഷം മുമ്പാണ് 10 ലക്ഷം രൂപയ്ക്ക് കുളം നവീകരിച്ചത്. വീണ്ടും 10 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണവും ശക്തമാണ്.
കുളത്തിലെ പാറപൊട്ടിച്ച് നീക്കാതെയാണ് വീണ്ടും നവീകരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് നടത്തിയ പണിയിലെ പോരായ്മയും അഴിമതിയുമാണ് സംരക്ഷണഭിത്തിയും വേലിയും തകരാന്‍ ഇടയായതെന്നും ആരോപണമുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: