ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലും പാക് അതിര്‍ത്തിയിലുമായി കേന്ദ്രീകരിക്കുന്നു. യുദ്ധവിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കലുകള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ സൈനിക ഡിവിഷനുകളിലേയും മൗണ്ടന്‍ സ്ട്രൈക്കേഴ്സിലേയും 30,000 സൈനികരെ ചൈനീസ് അതിര്‍ത്തിയിലേക്ക് വിന്യസിക്കും.
ചൈനീസ് അതിര്‍ത്തിയില്‍ എന്തു നീക്കത്തിനും ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണാധികാരം നല്‍കിയിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും ശക്തമായ മറുപടി നല്കാന് സൈനിക യൂണിറ്റുകള്‍ക്ക് അനുമതി നല്കി. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക നടപടിക്ക് അന്തിമ തീരുമാനമെടുക്കാം. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ അധ്യക്ഷതയില്‍ സംയുക്ത സൈനിക മേധാവിയും മൂന്നു സൈനികമേധാവിമാരും തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് തീരുമാനം.
തോക്കുള്‍പ്പെടെ ഏതുതരം ആയുധം ഉപയോഗിച്ചും ചൈനീസ് സൈനികരെ നേരിടാനാണ് അനുമതി. 1996ലെയും 2005ലെയും സൈനിക കരാറുകള്‍ അതിര്‍ത്തി പോസ്റ്റുകളിലെ സൈനികര്‍ കണക്കാക്കേണ്ടെന്നും അതിര്‍ത്തിലംഘനമുണ്ടായാല്‍ എന്തും ചെയ്യാമെന്നുമാണ് നിര്‍ദേശം. ചെറിയൊരു അതിര്‍ത്തിലംഘന ശ്രമത്തിന് പോലും കനത്ത തിരിച്ചടി നല്കാന് കഴിയുന്ന സുപ്രധാന തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചത്.
ചൈനീസ് അതിര്‍ത്തിയില്‍ കരസേനയും വ്യോമാതിര്‍ത്തിയില്‍ വ്യോമസേനയും ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയും നിതാന്ത ജാഗ്രതയിലിരിക്കാനാണ് നിര്‍ദേശം. ജൂണ്‍ 6ന് കോര്‍ കമാന്‍ഡര്‍തല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ചൈനീസ് സൈന്യം നടപ്പാക്കും വരെ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം. ഗല്‍വാന്‍വാലിയിലെ പട്രോളിങ് പോയിന്റ് 14ന് സമീപം ചൈന സ്ഥാപിച്ച ടെന്റുകള്‍ ധാരണ പ്രകാരം പൊളിച്ചുനീക്കാതെ വന്നതോടെ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത്തരം നടപടികള്‍ പാങ്ഗോങ് തടാകത്തിലെ തര്‍ക്ക പ്രദേശത്തും സ്വീകരിക്കുമെന്ന സൂചനകളാണ് ഇന്നലത്തെ യോഗ തീരുമാനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: