ഇടുക്കി: ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞതിന് സമീപം കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ കേസെടുക്കാതെ പോലീസ്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, ലോക്കല്‍ പോലീസ് എന്നിവര്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇവ കണ്ടെത്താനായിട്ടില്ല. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.
മലയിടിഞ്ഞതിന്റെ പിറ്റേന്ന് വൈകിട്ടാണ് പ്ലാസ്റ്റിക്ക് ബാഗിലാക്കി പാറക്കടിയില്‍ സൂക്ഷിച്ചിരുന്ന നൂറിലധികം ഡിറ്റനേറ്ററുകളും പശയും നാട്ടുകാര്‍ കണ്ടെത്തിയത്. പിന്നീട് ഇതിന്റെ ചിത്രങ്ങളും ശേഖരിച്ചു. ഡിവൈഎസ്പിക്കടക്കം അയച്ച് നല്‍കി. നടപടി ഇല്ലാതെ വന്നതോടെ ഇത് സംബന്ധിച്ച് 20ന് ജന്മഭൂമി റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്‍സണ്‍ മാത്യു അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ഇവ കണ്ടെത്താനായില്ല.
ചിത്രങ്ങള്‍ തെളിവാണെങ്കിലും ഇവ വെച്ച് കേസെടുക്കാനാകില്ലെന്നാണ് പോലീസ് പക്ഷം. നേരിട്ട് കണ്ടവരുടെ മൊഴി ആവശ്യമാണ്, മരുന്നുകള്‍ കണ്ടെത്താതെ വന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും ഇവര്‍ പറയുന്നു. അതേ സമയം അശാസ്ത്രീയമായ രീതിയില്‍ അനുവദിച്ചതിലും കൂടുതല്‍ സ്‌ഫോടനം ഒരേ സമയം ഇവിടെ നടന്നിരുന്നതായി കണ്ടെത്തലുകളുണ്ട്. വലിയ തോതില്‍ പാറപ്പൊട്ടിച്ച് കടത്തിയിട്ടും അശാസ്ത്രീയ നിര്‍മ്മാണം നടത്തിയിട്ടും സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് പോലും ആരും പരാതി നല്‍കിയിട്ടില്ല.
തിരിഞ്ഞു നോക്കാത്ത അധികൃതര്‍
ഗ്യാപ്പ് റോഡില്‍ മലയിടിച്ചില്‍ ഉണ്ടായ അടിവാരത്ത് താമസിക്കുന്ന 4 കുടുംമ്പങ്ങളെ സര്‍ക്കാര്‍ അവഗണിയ്‌ക്കുന്നതായി ആക്ഷേപം. തുടര്‍ച്ചയായി മല ഇടിച്ചില്‍ ഉണ്ടാവുന്ന ഈ പ്രദേശത്ത് താമസിക്കുന്ന മുത്ത്, പളനി സ്വാമി, മുത്തയ്യാ, എന്നീ കുടുംബങ്ങള്‍ക്ക് ആണ് ഈ ദുരാവസ്ഥ. ഇവരുടെ താമസസ്ഥലത്തിന് 10 മീറ്റര്‍ അകലം വരെ മല ഇടിഞ്ഞ് എത്തിയിരുന്നു. ഇതുവരെയായി പഞ്ചായത്ത്, വില്ലേജ് അധികാരികള്‍ പോലും എത്തിനോക്കിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. അടിയന്തിരമായി ഇവരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കുവാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ബിജെപി ബൈസണ്‍വാലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: