മുക്കം: അസുഖം വന്ന പശുക്കളെ ചികിത്സിക്കാതെ ഫാമുടമ ക്രൂരത കാട്ടുന്നതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിലുള്ള പശു ഫാമില്‍ അസുഖം ബാധിച്ച പശുവിന് യാതൊരു ചികിത്സയും നല്‍കാതെ ഉടമ ക്രൂരത കാട്ടുന്നത്. ഫാമിലെ പശുക്കള്‍ക്ക് ഭക്ഷണം പോലും നല്‍കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നേരത്തെയും ഈ ഫാമിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചത്ത പശുവിനെ മറവ് ചെയ്യാതെ ചാണകക്കുഴിയിലേക്ക് തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ഫാം ഉടമയെ കൊണ്ട് പശുവിനെ മറവ് ചെയ്യിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെയാണ് നൂറുദ്ദീന്‍ അനധികൃത ഫാം നടത്തുന്നത്. ഇക്കാര്യം നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരിസരവാസികള്‍ പറയുന്നു.
അസുഖം ബാധിച്ച പശുക്കളെ വൃത്തിഹീനമായ സ്ഥലത്തു പാര്‍പ്പിക്കുന്നതാണ് പശുക്കള്‍ ചത്തൊടുങ്ങാനും രോഗം വരാനും കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിരവധി തവണ ചത്ത പശുക്കളെ മറവ് ചെയ്യാത്തതുകൊണ്ട് അസഹ്യമായ ദുര്‍ഗന്ധം മൂലം അയല്‍വാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാകാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: