കാസര്‍കോട് : ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി. മഴമേഘങ്ങള്‍ മൂലം കേരളത്തില്‍ ഭാഗികമായാണ് സൂര്യഗ്രഹണം കാണാനായത്. ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലായി 23 മണിക്കൂര്‍ കാണാനാകുന്ന സൂര്യ ഗ്രഹണമാണ് ഇന്ന് ദൃശ്യമായത്.
കേരളത്തില്‍ രാവിലെ 10.5 മുതല്‍ 1.15 വരെയാണ് സൂര്യഗ്രഹണം അനുഭവപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്ത് ആകാശം മേഖാവൃതമായതിനാല്‍ സൂര്യഗ്രഹണം ഭാഗികമായാണ് കാണാനായത്. ദശാബ്ദത്തിലെ ആദ്യ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളേയും വാന നിരീക്ഷകരേയും ഏറെ നിരാശയില്‍ ആഴ്ത്തുന്നതായിരുന്നു ഇത്തവണത്തെ ഗ്രഹണം.
സൂര്യന്റെ 70 ശതമാനത്തോളം മറച്ചുകൊണ്ടുള്ള വലയ സൂര്യഗ്രഹണമാണ് ഞായറാഴ്ച ദൃശ്യമായത്. ചന്ദ്രന് സൂര്യനെ ഒരുഭാഗം വിതം മറച്ചുകൊണ്ട് പിന്നീട് മോതിരത്തിനോട് സമാനമായ ഒരു വലയം മാത്രമായാണ് സൂര്യനെ കാണാനായത്.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലായാണ് ഗ്രഹണം ആരംഭിച്ചത്. 1.30നു മുമ്പായി ഗ്രഹണം അവസാനിക്കുകയും ചെയ്തു. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണത്തെ അതിന്റെ പാരമ്യത്തില്‍ ദൃശ്യമായത്. ഗ്രഹണ സമയത്തിന് തൊട്ടു മുമ്പ് സംസ്ഥാനത്ത് ഒട്ടാകെ മഴ തുടങ്ങുകയും ചിലയിടങ്ങളില്‍ അത് കനത്ത മഴയായി മാറുകയും ചെയ്തു. ഇതോടെ കടല്പ്പുറങ്ങളില് സൂര്യഗ്രഹണം കാണാന്‍ എത്തിയവരും നിരാശരായി.
കാസര്‍ഗോഡ് മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ രാവിലെ മുതല്‍ തന്നെ മഴക്കോളും മഴയും തുടങ്ങിയതിനാല്‍ ആര്‍ക്കും തന്നെ ഇന്നത്തെ സൂര്യഗ്രഹണം കാണാനായില്ല. പാലക്കാട് ജില്ലയില്‍ മഴ ഇല്ലെങ്കിലും കാര്‍മേഘം മൂടിയതിനാല്‍ ഇവിടെയും ഭാഗികമായാണ് കാണാന്‍ സാധിച്ചത്.
എന്നാല്‍ ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണമായും കാണാന്‍ സാധിച്ചു. ഇന്ത്യയെ കൂടാതെ സൂഡാന്‍, എത്യോപ്യ, മധ്യ ആഫ്രിക്ക, ഒമാന്‍, പാക്കിസ്ഥാന്, ടിബറ്റ്, ചൈന, ഫിലിപ്പീന്ഡ എന്നീ രാജ്യങ്ങളിലും സൂര്യഗ്രഹണം ദൃശ്യമായി. ഇനി 2022 ഓക്ടോബര്‍ 25നായിരിക്കും അടുത്ത സൂര്യഗ്രഹണം. അതും ഭാഗികമായിട്ടായിരിക്കും കാണാന്‍ സാധിക്കുക. ഡിസംബര്‍ 26നാണ് കഴിഞ്ഞ വര്‍ഷത്തെ അവസാന വലയ സൂര്യ ഗ്രഹണം ദൃശ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: