തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കാലത്ത് വിദേശത്ത് കുടുങ്ങിയ മലയാളികളെ പൂര്‍ണമായും കൈയൊഴിഞ്ഞ് കേരളം. കേരളത്തിലേക്കുള്ള വിമാനം കയറണമെങ്കില്‍ കൊറോണ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശത്തില്‍ നിന്ന് തരിമ്പും പിന്നാക്കം പോകില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസവും മലയാളികള്‍ വൈറസ് ബാധിച്ച് മരിച്ചു വീഴുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് മാറ്റാന്‍ തയാറല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 238 മലയാളികള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളിലും നിരവധി മലയാളികള്‍ മരിച്ചു.
ഓരോ നിമിഷവും ഭീതിയോടെയാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഗള്‍ഫില്‍ കഴിയുന്നത്. ജോലി നഷ്ടപ്പെട്ടവരും വിസാകാലാവധി കഴിഞ്ഞവരും കടുത്ത രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. എങ്ങനെയെങ്കിലും ജീവനും കൊണ്ട് നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹത്തിലാണിവര്‍. ഇവരുടെയെല്ലാം പ്രതീക്ഷകളാണ് സര്‍ക്കാര്‍ തച്ചുതകര്‍ത്തത്. കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ ആയിരക്കണക്കിന് മലയാളികളാണ് വരും ദിവസങ്ങളില്‍ മടങ്ങാന്‍ ഊഴം കാത്തിരിക്കുന്നത്. അവരെല്ലാം കേരളത്തിന്റെ തീരുമാനത്തില്‍ നിരാശയിലാണ്. മറ്റൊരു സംസ്ഥാനവും മുന്നോട്ടുവയ്ക്കാത്ത നിര്‍ദേശമാണ് കേരളത്തിന്റേത്.
എംബസികളില്‍ പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓരോ രാജ്യത്തും വ്യത്യസ്ത നിബന്ധനകളാണ് കൊറോണ പരിശോധനകള്‍ക്കുള്ളത്. രോഗലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശോധിക്കുക. പരിശോധന നടത്തിയാല്‍ തന്നെ ഫലം വരാന്‍ എട്ടു ദിവസം വരെ കാലതാമസമെടുക്കും. വിമാനത്താവളങ്ങളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കുന്നതിനും സുരക്ഷാകാരണങ്ങളാല്‍ തടസ്സമുണ്ട്.
കൊറോണ രോഗമുള്ളവരെ ഒരുമിച്ച് ഒരു വിമാനത്തില്‍ കൊണ്ടുവരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശവും പരിഹാസ്യമാണ്. ഒരു വിമാനം നിറയെ രോഗികളെ കയറ്റിയാല്‍ അത് പറത്താന്‍ പൈലറ്റ് തയാറാകില്ല. വിമാന ജോലിക്കാരും സഹകരിക്കില്ല. കൊറോണ സ്ഥിരീകരിച്ചാല്‍ ആ വ്യക്തിയെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ചട്ടം.
വിദേശത്തുള്ളവരെ കേരളത്തിലെത്തിച്ച് 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണത്തിലാക്കുകയാണ് പ്രായോഗികം. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റൈന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലടക്കം അറിയിച്ചത്. 95,497 പേരാണ് വെള്ളിയാഴ്ച വരെവിദേശത്തുനിന്ന് കേരളത്തിലേക്കെത്തിയത്. വിമാനത്താവളങ്ങള്‍ വഴി 93,876 പേരും സീ പോര്‍ട്ട് വഴി 1621 പേരും. രണ്ടര ലക്ഷം പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞവര്‍ക്ക് 95,497 പേര് വന്നപ്പോള്‍ തന്നെ താളം തെറ്റി. 65,413 പേരും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ 18,572 പേര് മാത്രം. 880 പേരാണ് ഐസൊലേഷനിലുള്ളത്. തീവണ്ടി, മറ്റ് വാഹനങ്ങള്‍ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 8793 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുണ്ട്. ആകെ 27,365 പേര് മാത്രമാണിപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈനിലുള്ളത്. നാല്‍പ്പതിനായിരത്തില്‍ താഴെ മാത്രം ആളുകള്‍ക്കുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ രോഗികള്‍ വന്നാല്‍ പിടിവിട്ടുപോകുമെന്ന ഭയമാണ് പിണറായി വിജയനെ പ്രവാസികളോട് ക്രൂരമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്.
യാതൊരുപാധികളുമില്ലാതെ പ്രവാസികളെ കേരളത്തിലേക്കെത്തിക്കണമെന്ന് നിയമസഭയിലടക്കം നിലപാടെടുത്ത പിണറായി, വിദേശത്തു നിന്നു വരുന്നവരില്‍ നിന്ന് കേരളത്തിലുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനാണ് ഈ തീരുമാനമെന്ന പ്രതീതിയുണ്ടാക്കി ഇവിടെയുള്ളവരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് സ്വന്തം കഴിവില്ലായ്മ മറയ്ക്കാനുള്ള ശ്രമമാണെന്ന് വെളിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: