ഒക്ലഹോമ : തുള്‍സയില്‍ ഇന്നു നടക്കുന്ന ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്ക്ക് ധരിക്കണമെന്നില്ലെന്നും സമൂഹ അകലം പാലിക്കേണ്ടെന്നും ഒക്ലഹോമ സുപ്രീം കോടതി.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്ക്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഇവിടെ താമസിക്കുന്ന രണ്ടു വീട്ടുകാര്‍ നല്കിയ ഹര്‍ജിയാണ് ഒക്ലഹോമ സുപ്രിം കോടതി തള്ളിയത്.
സമ്മേളനം നടക്കുന്ന അറീനയ്ക്കകത്തു 19,000 പേര് ഒത്തുചേരുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അറീനക്ക് പുറത്തു ഒരു ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപിന്റെ ക്യാമ്പയ്ന് മാനേജര്‍ ബ്രാണ്ട് പറഞ്ഞു. ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന അറീനക്ക് പുറത്തുള്ളവരേയും ട്രംപ് അഭിസംബോധന ചെയ്യുമെന്നും മാനേജര്‍ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്ത കേന്ദ്രമായ ഒക്ലഹോമയിലെ ഗവര്‍ണര്‍ കെവിന് സ്റ്റിറ്റ് റാലിയില്‍ പങ്കെടുക്കുമ്പോള്‍ മാസ്ക്ക് ധരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റാലി നടക്കുന്ന തുള്‍സയിലെ സിറ്റി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ബ്രൂസ് ഡാര്‍ട്ട് റാലി മാറ്റിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
1921 ല്‍ ഇവിടെ വെളുത്ത വര്‍ഗക്കാരും കറുത്തവരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 300 പേര് മരിച്ചിരുന്നു. അതിന്റെ ഓര്‍മ്മ പുതുക്കുന്ന ജൂണ്‍ 19ന് റാലി നടത്തുന്നതിനായിരുന്നു ആദ്യ പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: