കൊല്ലം: ചന്ദനത്തോപ്പിനടുത്ത് ,രാവിലെ 9.30 യോടെ കൂടി വെട്ടാൻ കൊണ്ടുവന്ന പോത്ത് ഇടഞ്ഞോടി, നിരവധി ആളുകളെ കുത്തി പരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിക്കൂടി പോത്തിനെ വളഞ്ഞിട്ട് പിടിച്ച് കെട്ടിയിട്ടിരുന്നുവെങ്കിലും. ശരാശരിയിൽ കൂടുതൽ വലിപ്പമുള്ള പോത്ത് കെട്ടിയിട്ടിരുന്ന കയർ പൊട്ടിച്ച് വീണ്ടും കുതറിയോടുകയായിരുന്നു.
വഴിയിലുണ്ടായിരുന്ന വാഹനങ്ങളും ബൈക്കുകളും കുത്തിമറിച്ച് ഒരു കിലോമീറ്ററോളം ഓടിയ പോത്തിനെ കൊല്ലത്തു നിന്നും കുണ്ടറയിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളും, പോലീസും, നാട്ടുകാരും ചേർന്ന് വലയിൽ കുരുക്കിയും, കയർ കൊമ്പിൽ എറിഞ്ഞു പിടിച്ചും, കാലുകൾ ബന്ധിച്ചും കീഴ്പ്പെ ടുത്തിയെങ്കിലും പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി പോത്ത് ചത്തു.
അഗ്നിശമന വാഹനത്തിനും പോലീസ് ജീപ്പിനും കേടുപാടുകളുണ്ടായി.കുണ്ടറ നിലയത്തിലെ ജോൺസൺ എന്ന സീനിയർ ഫയർഫോഴ്സ് ഓഫീസർക്കും ഒരു പോലീസ് ഓഫീസർക്കും സാരമായി പരിക്കേറ്റു. സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ കൊല്ലം അഗ്നിശമന സേനയും, സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ കുണ്ടറ അഗ്നിശമന സേനയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: