വെള്ളരിക്കുണ്ട്: റവന്യൂ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ആറു മാസം മുന്‍പ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയ പരപ്പ, മാലോം, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് പൂര്‍ണ്ണമായും നിലച്ചിരിക്കുന്നത്. നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് ആധുനിക സൗകര്യങ്ങള്‍ ഒരുക്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ റവന്യൂ വകുപ്പ് നിര്‍മ്മിതിക്കാണ് കരാര്‍ നല്‍കിയത്. 50 ലക്ഷം രൂപ വീതമാണ് ഇതിനായി ചിലവ് കണക്കാക്കിയത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഓടിളക്കിയും ജനല്‍ പറിച്ചു മാറ്റിയതും നടത്തിയ പ്രവൃത്തികള്‍ അല്ലാതെ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.
റവന്യൂ മന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് വെസ്റ്റ് എളേരി വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പട്ടികയില്‍ ഇടം പിടിച്ചത്. ആറുമാസം മുന്‍പ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച വെസ്റ്റ് എളേരിയില്‍ നിലവിലെ കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും പൊളിച്ചു മാറ്റുക മാത്രമേ ചെയ്തിട്ടുള്ളു. ഇതിനായി നിര്‍മ്മിതി നിയോഗിച്ച ഒരു എഞ്ചിനിയര്‍ ആറുമാസത്തെ ശമ്പളം വാങ്ങി തന്റെ ആറുമാസ കാലാവധി പൂര്‍ത്തിയാക്കി. സ്ഥലം വിട്ടു.
പകരം പുതിയ എഞ്ചിനിയറെ നിര്‍മ്മിതി വെസ്റ്റ് എളേരിയില്‍ നിയമിച്ചിട്ടുണ്ടെങ്കിലും നിലവിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റാന്‍ ശാസ്ത്രീയ വശങ്ങള് തേടുകയാണ്. ഒരുമണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരു നിമിഷനേരം കൊണ്ട് പൊളിച്ചു മാറ്റാവുന്ന വെസ്റ്റ് എളേരിയിലെ കുഞ്ഞു കെട്ടിടത്തിന് ഒരുലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇത് തന്നെയാണ് പരപ്പയിലെയും മാലോത്തെയും സ്ഥിതി.
കോവിഡ് പശ്ചാത്തലമാണ് നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വൈകുന്നതിന് കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെകിലും ജില്ലയിലെ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് റവന്യൂ വകുപ്പ് അറിഞ്ഞില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നിലവില്‍ വെസ്റ്റ് എളേരി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ്. ആറുമാസം കൊണ്ട് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനാല്‍ നാടിന്റെ വികസനം ആഗ്രഹിക്കുന്ന നാരയണന് എന്നയാള്‍ തികച്ചും സൗജന്യമായിട്ടാണ് ഇദ്ദേഹത്തിന്റെ കെട്ടിടം വില്ലേജ് ഓഫീസിനായി വിട്ടുനല്‍കിയത്. പരിമിത സൗകര്യം മാത്രമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് എളേരി വില്ലേജിലെത്തുന്നവര് ഇപ്പോള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
1,200 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കേണ്ടത്. പരപ്പയിലും മാലോത്തും സ്ഥിതി ഇത് തന്നെ. വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിട നിര്‍മ്മാണം വൈകുന്നത് മലയോരത്ത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയില്‍ 50ലക്ഷം രൂപ എന്ന എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാനാണ് നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത നിര്‍മ്മിതി വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം വൈകിപ്പിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: