പെരിയ: അടച്ചുറപ്പുള്ളൊരു വീടൊരുക്കാനായി ശ്രീലത മുട്ടാത്ത വാതിലുകളില്ല. തന്നോളം വളര്‍ന്ന മക്കള്‍ക്ക് അന്തിയുറങ്ങാന്‍ ഇടമൊരുക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഈ വീട്ടമ്മ. താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ അധികൃതരുടെ പട്ടികക്ക് പുറത്താണ് ചാലിങ്കാല്‍ കമ്മാടത്തുപാറയിലെ ഈ വീട്ടമ്മയും മക്കളും. പാണത്തൂരിനടുത്തുള്ള ചെത്ത് കയയിലേക്കാണ് ശ്രീലതയെ വിവാഹം കഴിച്ചയച്ചത്. മൂത്തമകള്‍ ഹരിതക്ക് ആറ് വയസ്സ് പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. മറ്റ് വഴിയില്ലാതെ വന്നപ്പോള്‍ കമ്മാടത്തുപാറയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുകയായിരുന്നു.
12 വര്‍ഷമായി ഇവിടെ താമസിക്കുന്നു. ക്വാറിയില്‍ കരിങ്കല്ല് ചുമന്നാണ് മക്കളെ പോറ്റിയിരുന്നത്. ആറുവര്‍ഷം മുമ്പ് ക്വാറിയില്‍ ജോലിക്കിടെ ഉണ്ടായ വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റു. പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലെടുത്താണ് ഉപജീവനം നയിച്ചിരുന്നത്. മൂത്തമകള്‍ ഹരിത ചാലിങ്കാല്‍ ശ്രീനാരായണ കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ഇളയവള്‍ അഭിന പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും.
ആദിവാസി വിഭാഗമായിട്ടും ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് ഈ കുടുംബം. താത്കാലികമായി ഷീറ്റ് മറച്ച വീട്ടില്‍ മക്കളുടെ പഠനവും കഷ്ടംനിറഞ്ഞതാണ്. പലയിടത്തും ചോര്‍ച്ചയുണ്ട്. ഇഴജന്തുക്കളുടെ ശല്യം വേറെയും. കോവിഡിനെ തുടര്‍ന്ന് ശ്രീലതക്ക് ഉള്ള തൊഴിലും പോയിരിക്കുകയാണ്. ദൂരെയുള്ളവര്‍ ജോലിക്ക് വരേണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വീടിരിക്കുന്ന ഭൂമിയുടെ അപേക്ഷ താലൂക്കില്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പുല്ലൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് നീതികിട്ടുന്നില്ലെന്നാണ് ശ്രീലത പറയുന്നത്. നേരത്തെ നല്കിയ അപേക്ഷ കാണാനില്ലെന്ന് പറഞ്ഞതിനാല്‍ ഒരുവര്‍ഷം മുമ്പ് നല്കിയ അപേക്ഷയിലാണ് ഇനി നടപടി ആവേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: