ന്യൂദല്‍ഹി: ഗല്‍വാന്‍വാലിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുമ്പോള്‍ 1962-ന് സമാനമായി രാജ്യത്തെ പിന്നില്‍ നിന്ന് കുത്താന്‍ വീണ്ടും ഇടതുപക്ഷ ശ്രമം. ചൈനീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടുമായി ഇടതുപാര്‍ട്ടികള്‍. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൈനയ്ക്കെതിരെ പരസ്യ നിലപാടെടുത്തപ്പോള്‍ സിപിഎമ്മും സിപിഐയും മൗനം പാലിക്കുകയാണ് ഉണ്ടായത്.
യാതൊരു കാരണവശാലും ഇന്ത്യ അമേരിക്കയുടെ സഖ്യത്തിന്റെ ഭാഗമാവരുതെന്ന് സിപിഐ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യയെ സഖ്യത്തിലേക്ക് വലിച്ചിടാനാണ് അമേരിക്കയുടെ ശ്രമമെന്നും അതിനെ എതിര്‍ക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. പഞ്ചശീല തത്വങ്ങള്‍ പാലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിയും സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനീസ് സൈന്യത്തിന്റെ നടപടിക്കെതിരെ ഒരുവാക്ക് പോലും ഇരുപാര്‍ട്ടികളും മിണ്ടിയില്ല.
അതേസമയം, ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ല. അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അവര്‍ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത മാതാവിനെ കൈയടക്കാന്‍ നോക്കിയവരെ നമ്മുടെ ജവാന്മാര് പാഠം പഠിപ്പിച്ചു. ഇന്ത്യാ-ചൈന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പണ്ട് നമ്മുടെ ഭൂമിയില്‍ പലയിടത്തും കൈയേറ്റം നടന്നു. ഇപ്പോള്‍ എല്ലായിടത്തും നമ്മുടെ ജവാന്മാരുടെ കണ്ണുണ്ട്. ഇന്ന് നമ്മുടെ ഭൂമി ഒരാളും കൈയേറാതെ നോക്കാന്‍ നമ്മുടെ സേനക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: