ന്യൂദല്‍ഹി: ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ല. അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അവര്‍ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത മാതാവിനെ കൈയടക്കാന്‍ നോക്കിയവരെ നമ്മുടെ ജവാന്മാര് പാഠം പഠിപ്പിച്ചു. ഇന്ത്യാ-ചൈന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ക്കാര്യം പറഞ്ഞത്.
പണ്ട് നമ്മുടെ ഭൂമിയില്‍ പലയിടത്തും കൈയേറ്റം നടന്നു.ഇപ്പോള്‍ എല്ലായിടത്തും നമ്മുടെ ജവാന്മാരുടെ കണ്ണുണ്ട്. ഇന്ന് നമ്മുടെ ഭൂമി ഒരാളും കൈയേറാതെ നോക്കാന്‍ നമ്മുടെ സേനക്കറിയാം. സൈനികര്‍ക്കൊപ്പം ശക്തമായി നില്ക്കുന്നതായി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യം പ്രതിപക്ഷ പാര്‍ട്ടികളെ ദിവസവും അറിയിക്കണമെന്ന ആവശ്യവും സോണിയ ഉന്നയിച്ചു.
അന്താരാഷ്ട്ര കരാറുകള്‍ക്കനുസരിച്ച് മാത്രമേ സൈനികര്‍ക്ക് ആയുധം ഉപയോഗിക്കാനാവൂ എന്ന് എല്ലാവരും മനസ്സിലാക്കണമ്ന് എന്‍സിപി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ശരത് പവാര്‍ യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും നിര്‍ത്തിവെയ്ക്കരുതെന്നും മ്യാന്മാറിലും ബംഗ്ലാദേശിലുമുള്ള ചൈനീസ് പിന്തുണയോടെ നടക്കുന്ന പ്രവൃത്തികള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെന്നും എന്‍പിപി നേതാവ് കൊണ്‍റാദ് സാങ്മ പറഞ്ഞു.
ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന് എന്നിവര്‍ പങ്കെടുത്തു. സര്‍വ്വകക്ഷി യോഗത്തില്‍ ഇരുപത് പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: