വിളപ്പിൽ: ചെമ്പകം മണക്കുന്ന പുന്തോട്ടം, വഴിയോര വായനയ്ക്കായി പുസ്തകങ്ങൾ നിറച്ച ഗ്രന്ഥപ്പുര, കൊന്നമര ചില്ലകൾ തണൽ വിരിച്ച ഉദ്യാനത്തിൽ വിശ്രമിക്കാനും വായനയ്ക്കും ചാരുബഞ്ചുകൾ. ഇത് കുണ്ടമൺകടവിലെ നൂറ്റാണ്ട് പഴക്കമുള്ള മുത്തശ്ശി പാലത്തിനരികിൽ മൂന്നു വർഷം മുമ്പ് പെൺകരുത്ത് സമ്മാനിച്ച സൗന്ദര്യം. പക്ഷേ, ഇന്ന് ഈ ഉദ്യാനം കാടുമൂടി. ഗ്രന്ഥപ്പുര വഴിയാധാരമായി.
മാലിന്യനിക്ഷേപം നടത്തി കുണ്ടമൺകടവ് പാലത്തിന്റെ ചന്തം കെടുത്തിയവർക്ക് മറുപടിയായി പേയാട് ഹൈസ്കൂൾ വാർഡിലെ പെൺകൂട്ടായ്മയാണ് 2017ൽ ഉദ്യാനവും വഴിയോര വായനശാലയും സ്ഥാപിച്ചത്. പൂന്തോട്ടത്തിൽ ഒരു ഗാന്ധി പ്രതിമയും അവർ സ്ഥാപിച്ചു. ചെമ്പകം, വേപ്പ്, തുളസി, മുല്ലവള്ളി, പേര തുടങ്ങി ഇരുപതോളം ചെടികളുണ്ടായിരുന്നു ഉദ്യാനത്തിൽ. ഇന്നവിടം വള്ളിപ്പടർപ്പും പുല്ലും നിറഞ്ഞു. നൂറോളം പുസ്തകങ്ങളുണ്ടായിരുന്ന ഗ്രന്ഥശാലയിലെ ചില്ലലമാര ഇപ്പോൾ നോക്കുകുത്തി.
ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഉദ്യാനവും വഴിയോര ഗ്രന്ഥശാലയും സംരക്ഷിക്കുമെന്ന് ഉദ്ഘാടന വേളയിൽ പഞ്ചായത്ത് അധികൃതർ പ്രഖ്യാപനം നടത്തി. പക്ഷേ, അത് പാഴ്വാക്കായിരുന്നുവെന്ന് ഇന്ന് ജനം തിരിച്ചറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: