കൊച്ചി : കളമശ്ശേരി സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സംഭവത്തില്‍ ചികിത്സ തേടിയ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടര്‍മാരോടടക്കം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം. രോഗം സ്ഥിരീകരിച്ച പോലീസുകാരന് വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെ ഡ്യൂട്ടി ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം കൊറോണ ബാധിതനൊപ്പം സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റ് പോലീസുകാരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ആദ്യ ഘട്ടത്തില്‍ പരിശോധിക്കുക 10 പേരുടെ സാമ്പിളാണ്. പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 57 പേര് നിലവില്‍ ക്വാറന്റൈനിലാണ്. 45 പേര് വീടുകളിലും 12 പേര് സര്‍ക്കാര്‍ നിശ്ചയിച്ച ക്വാറന്റൈന് കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിലുള്ളത്. സമീപത്തെ എആര്‍ ക്യാമ്പിലെ ഏഴു പേരെയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഈ ഉദ്യോഗസ്ഥന്. പോലീസുകാരന്റെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: