തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പാസഞ്ചര്‍ മാനിഫെസ്റ്റിലെയും നോര്‍ക്ക രജിസ്ട്രേഷനിലെയും വിവരങ്ങള്‍ വച്ച് യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് കൂടുതല്‍ വിമാനങ്ങള്‍ എത്തുമ്പോള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ഈ ക്രമീകരണം.
കോവിഡ് 19 ജാഗ്രത പോര്‍ട്ടലിലെ പബ്ളിക് സര്‍വീസ് വിന്‍ഡോയില്‍ പ്രവാസി രജിസ്ട്രേഷന് എന്ന പുതിയ സംവിധാനം ഇതിനായി നിലവില്‍ വന്നു. (കോവിഡ് 19 ജാഗ്രത – പബ്ളിക് സര്‍വീസസ്- ഇന്റര്‍നാഷണല്‍ റിട്ടേര്‍ണീസ്- വിശദാംശങ്ങള്‍ രേഖപ്പെടുത്തുക- സബ്മിറ്റ് ചെയ്യുക). യാത്രാ ടിക്കറ്റ് എടുത്ത ശേഷം വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്.
വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനങ്ങളിലും എത്തുന്നവര്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ മെയിലോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓട്ടോ ജനറേറ്റഡ് രജിസ്ട്രേഷന് നമ്പര്‍ ലഭിക്കും. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പെര്‍മിറ്റ് നമ്പര്‍ പ്രവാസികള്‍ക്ക് അയച്ചുനല്‍കാം.
യാത്രക്കാരുടെ വിവരം ഇതിലൂടെ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നതിനാല്‍ ഹോം ക്വാറന്റൈന് അടക്കമുള്ള ആരോഗ്യ പരിപാലനം കൃത്യമായി നടപ്പാക്കാനാവും. എയര്‍പോര്‍ട്ടില്‍ പെര്‍മിറ്റ് നമ്പര്‍ കാണിക്കുമ്പോള്‍ ഇവരുടെ വിവരം വേഗത്തില്‍ രേഖപ്പെടുത്താന്‍ കഴിയും. ചാര്‍ട്ടേഡ് വിമാനം ഒരുക്കുന്നവര്‍ തന്നെ അതില്‍ വരുന്നവരെല്ലാം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാക്കണം. മികച്ച ക്വാറന്റൈന്, ആരോഗ്യ പരിപാലനത്തിനായുള്ള ക്രമീകരണവുമായി എല്ലാ പ്രവാസികളും സഹികരിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
നോര്‍ക്കയിലെയും പാസഞ്ചര്‍ മാനിഫെസ്റ്റിലെയും വിവരങ്ങളില്‍ പലപ്പോഴും വ്യത്യാസമുണ്ടാകുന്നത് മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരശേഖരണം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതുകാരണം വിമാനത്താവളത്തില്‍ താമസം നേരിടുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: