തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളോടെ എത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്റ്ററും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്റെ ഭാര്യയുമായ ഡോ.യമുനയുടെ പരിശോധനയുമായി ബന്ധപ്പെട്ട് വിവാദം. താന്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള പരിശോധന മാത്രം തന്നില്‍ നടത്തിയാല്‍ മതിയെന്ന യമുനയുടെ നിര്‍ദേശം അംഗീകരിക്കാത്ത ജനറല്‍ ആശുപത്രിയിലെ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോക്ടറെ സ്ഥലംമാറ്റിയതില്‍ സഹപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. മൈക്രോബയോളജിസ്റ്റ് ഡോ. എല്‍ ആര് ചിത്രയെയാണ് നീക്കിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തില്‍ 15 ഓളം ഡോക്ടര്‍മാര്‍ സൂപ്രണ്ട് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഭാര്യയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ കെ.യമുനയുമായുള്ള പ്രശ്നങ്ങളാണു ചിത്രയുടെ സ്ഥലംമാറ്റത്തിനു വഴിവച്ചതെന്നാണ് ഡോക്റ്റര്‍മാരുടെ ആരോപണം.
കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന യമുന ജലദോഷവും പനിയും ഉള്ളതിനാല്‍ കോവിഡ് പരിശോധന നടത്തിയത് ചിത്രയുടെ അടുത്തായിരുന്നു. രക്തം ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന മതിയെന്നാണു യമുന നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അനുസരിച്ച്, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ തൊണ്ടയിലെ സ്രവം ഉപയോഗിച്ചുള്ള പിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ചിത്ര നിര്‍ദേശിച്ചു. എന്നാല്‍ യമുന ഇതിനു തയാറായില്ലത്രെ. തുടര്‍ന്ന് വെല്ലുവിളിയുമായി ആണ് യമുന മടങ്ങിയത്.
ഇതേതുടര്‍ന്ന് ഡോക്ടര്‍മാരുടെ വാട്സാപ് ഗ്രൂപ്പിലും വിഷയം ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ക്കം ചിത്രയെ നേരത്തെ ജോലി ചെയ്തിരുന്ന നേമം ആശുപത്രിയിലേക്കു സ്ഥലംമാറ്റി ഉത്തരവിറക്കുകയായിരുന്നു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങുമെന്നു കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്സ്അസോസിയേഷന്‍ ( കെജിഎംഒഎ) ജില്ലാ പ്രസിഡന്റ് ഡോ.വി.സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം മന്ത്രി കെ.കെ.ശൈലജയെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പ്രീതയെയും അറിയിച്ചിട്ടുണ്ട്. നേമത്തു ജോലി ചെയ്തിരുന്ന ചിത്രയുടെ സേവനം ആവശ്യമായതു കൊണ്ടാണു ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലേക്കു മാറ്റിയത്. തിരികെ നേമം ആശുപത്രിയിലേക്ക് പോകാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടാണ് അധികൃതര്‍ നല്കുന്ന വാദം. തലസ്ഥാനത്ത് കോവിഡ് പരിശോധയ്ക്കു ചുക്കാന്‍ പിടിച്ചിരുന്ന ഒരു ഡോക്റ്ററെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: