കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കുന്നതിനെ ചൊല്ലി നഗരസഭയും ഫയർഫോഴ്സും തമ്മിൽ തർക്കം. പ്രവാസികളെ വീട്ടിലാക്കി ഡിപ്പോയിൽ മടങ്ങിയെത്തിയ രണ്ട് ബസുകൾ അണുവിമുക്തമാക്കിയില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ നഗരസഭ ജീവനക്കാരെത്തി ബസുകൾ അണുവിമുക്തമാക്കി.
ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തിയ പ്രവാസികളെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെത്തിക്കാനാണ് രണ്ട് ബസുകൾ വിട്ടു നൽകിയത്. ബുധനാഴ്ച രാവിലെ ബസുകൾ ഡിപ്പോയിൽ തിരിച്ചെത്തി. അണു നശീകരണം നടത്തിയ ശേഷം മാത്രമെ ബസുകൾ തുടർന്ന് ഉപയോഗിക്കാവൂ എന്നാണ് നിർദേശം. ഫയർഫോഴ്സിനെ ബന്ധപ്പെട്ടപ്പോൾ അണുനശീകരണം അവരുടെ ജോലില്ലെന്നായിരുന്നു മറുപടി. ക്വാറൻ്റീൻ കേന്ദ്രങ്ങളെ അണുവിമുക്തമാക്കുക മാത്രമാണ് ജോലിയെന്ന് നഗരസഭയും വാദിച്ചു. ബസിൽ യാത്ര ചെയ്തവരുടെ കയ്യുറകളും മാസ്ക്കുകളുമായി മുപ്പത് മണിക്കൂറാണ് ഡിപ്പോയിൽ കിടന്നത്. ആശങ്കയിലായ ജീവനക്കാർ ജില്ലാ കലക്ടറുടെ സഹായവും തേടി.
സംഭവം വിവാദമായതോടെ നഗരസഭ ഉത്തരവാദിത്വം ഏറ്റെടുത്തു. ജീവനക്കാരെ അയച്ച് ബസുകൾ അണുവിമുക്തമാക്കി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് തർക്കത്തെ തുടർന്ന് വൈക്കത്ത് അണുനശീകരണം വൈകുന്നത്. കഴിഞ്ഞ തവണ ബസ് ഫയർഫോഴ്സ് ഓഫിസിൽ എത്തിച്ചായിരുന്നു അണുനശീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: