എസ്. ശ്രീജിത്ത്
കളമശേരി: കളമശേരി പോലീസ് സ്റ്റേഷനില്‍ ഒരു പോലീസുദ്യോഗസ്ഥന് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍. കടള്‍ തുറക്കാമോ, പുറത്തിറങ്ങാമോ തുടങ്ങി പല തരത്തിലുള്ള ആശങ്കകള്‍ പങ്കുവെച്ചും വിവരങ്ങള്‍ അന്വേഷിച്ചും ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.
കളമശ്ശേരി പോലീസ് സ്റ്റേഷന് നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ ആണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്ന പ്രദേശം കൂടിയാണ്. അതിനാല്‍ എന്ത് മുന്‍കരുതലും നടപടികളുമാണ് സ്വീകരിക്കേണ്ടതെന്നറിയാതെ ജനങ്ങള്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളേണ്ടത്.
ഈ കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സകല ജനങ്ങളേയും അറിയിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. പ്രദേശം ഹോട്ട്സ്പോട്ടാക്കുമെന്നും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും മറ്റും ജനങ്ങള്‍ക്കിടയില്‍ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവശ്യ വസ്തുക്കള്‍ കൂടുതലായി സംഭരിക്കാനും ജനങ്ങള്‍ തിടുക്കത്തിലാണ്. അതുകൊണ്ടുതന്നെ പൊതു നിരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നതിനും വഴിവെച്ചേക്കും.
കളമശേരി പോലീസ് സ്റ്റേഷനില്‍ 59 പോലീസുകാരും എആര്‍ ക്യാമ്പില്‍നിന്നുള്ള 10 പേരുമാണുള്ളത്. പോലീസ് സ്റ്റേഷന് ഏതാനും സമയത്തിനുള്ളില്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയിക്കുന്നത്. റൂറല്‍ ഡിഐജിയുടെ ആസ്ഥാനം, സിഐ ആസ്ഥാനം, പോലീസ് ക്വാര്‍ട്ടേഴ്സ്, എന്നിവിടങ്ങള്‍ അണുവിമുക്തമാക്കി കഴിഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍ ഇന്ന് സ്റ്റേഷന് ഇന്ന് പ്രവര്‍ത്തനം ഉണ്ടാകില്ല. അതേസമയം മുഴുവന്‍ പോലീസ് ജീവനക്കാരേയും പരിശോധനയ്ക്ക് വിധേയമാക്കാതെ ഇവരെ ക്വാറന്റൈനിലാക്കുകയാണെന്നും ആരോപണമുണ്ട്. ജിവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാക്കിയുള്ള ജിവനക്കാരില്‍ പരിശോധന നടത്താതെ ക്വാറന്റൈന് ചെയ്യുന്നതിന് പിന്നില്‍ പോലീസ് അസോസിയേഷന്റെ ഭാഗത്തു നിന്നുള്ള അലംഭാവമാണെന്നും വിമര്‍ശനമുണ്ട്.
ഹോം ക്വാറന്റൈന് സംവിധാനങ്ങളില്ലാത്ത പോലീസുകാര്‍ക്ക് എടക്കൊച്ചിയില് അതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തമെന്ന് മുന്‍ പോലീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ടി.ജി അനില്‍ കുമാര്‍ അറിയിച്ചു.
പോലീസുദ്യോഗസ്ഥന്റെ വീട് പെരുമ്പാവൂര്‍ വെങ്ങോലയിലാണ്. ഇദ്ദേഹം കഴിഞ്ഞ ദിവസംവരെ പ്രദേശത്ത് എല്ലാവരുമായി ഇടപഴകിയിട്ടുള്ളതിനാല്‍ അവിടവും ഹോട്സ്പോട് ആയേക്കുമെന്ന പ്രചാരണവും ഉണ്ട്. അവിടെയും ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
ഇത്തരം സാഹചര്യങ്ങള്‍ പെട്ടെന്ന് ഉണ്ടായാല്‍ പൊതു ജനങ്ങളെ അതിവേഗം അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമാണ് അടിയന്തിരമായി വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ അറിയിപ്പ് എന്തെങ്കിലും ഉണ്ടാകണമെങ്കില്‍ വൈകിട്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തിന് ഇപ്പോള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: