നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊറോണ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 2200 പ്രവാസികള്‍ ഇന്ന് നാട്ടില്‍ എത്തും. വന്ദേ ഭാരത് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന ദിനമാണ് ഇന്ന്. യുഎഇയില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 780 പേരും കുവൈറ്റില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളിലായി എത്തുന്ന 880 പേരും ഉള്‍പ്പെടെയാണ് ഇത്. കൂടാതെ ദോഹ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് എത്തും.
യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്നും ആദ്യ സ്പൈസ് ജെറ്റ് വിമാനം ഇന്ന് പുലര്‍ച്ചെ ഒരു മണിക്കും രണ്ടാമത്തെ വിമാനം രണ്ട് മണിക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. 180 പ്രവാസികള്‍ വീതമാണ് ഈ വിമാനങ്ങളില്‍ ഉണ്ടാകുക. കുവൈറ്റില്‍ നിന്നുള്ള 350 യാത്രക്കാരുമായി കുവൈറ്റ് എയര്‍വെയ്സ് വിമാനം പുലര്‍ച്ചെ മൂന്ന് മണിക്കും, 180 യാത്രക്കാരുമായി ഷാര്‍ജയില്‍ നിന്നുള്ള ഗോഎയര്‍ വിമാനം പുലര്‍ച്ചെ 4.30നും എത്തും. ദോഹയില്‍ നിന്നും 180 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം 180 യാത്രക്കാരുമായി വൈകീട്ട് അഞ്ച് മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിച്ചേരും. ദോഹയില്‍ നിന്നുള്ള 180 പ്രവാസികളുമായി മറ്റൊരു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് വൈകീട്ട് 6.35 നും എത്തും. ദുബൈയില്‍ നിന്നുള്ള 420 യാത്രക്കാരുമായി എമിറെറ്റ്സ് വിമാനം രാത്രി 8.30 നാണ് എത്തുന്നത്. കുവൈറ്റില്‍ നിന്നും രാത്രി 10 മണിക്ക് എത്തുന്ന ജസീറ വിമാനത്തില്‍ 180 പ്രവാസികളാണ് ഉണ്ടാകുക. രാത്രി 11.05 ന് 350 യാത്രക്കാരുമായി കുവൈറ്റ് എയര്‍വേയ്സിന്റെ മറ്റൊരു വിമാനവും എത്തും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് വിമാനങ്ങളിലായി 1,793 പ്രവാസികളാണ് ഇന്നലെ എത്തിയത്. കുവൈറ്റില്‍ നിന്നും ഇന്നലെ ഷെഡ്യൂള്‍ ചെയ്തിരുന്ന ജസീറ വിമാനം നാളത്തേക്ക് റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ 26 വിമാനങ്ങള്‍ എത്തുകയും 26 വിമാനങ്ങള്‍ യാത്രയാകുകയും ചെയ്തു. ഈ വിമാനങ്ങളില്‍ 713 പേര് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയും 614 പേര് ഇവിടെ നിന്നും യാത്രയാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: