പെരുമ്പാവൂര്‍: ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ വീട്ടമ്മ അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ ബാങ്കിനെതിരെ പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ബാങ്കിന്റെ വാതിലിന് ഉപയോഗിച്ചിരുന്നത് തീരെ ഗുണമേന്മയില്ലാത്ത കനം കുറഞ്ഞ ചില്ലായിരുന്നുവെന്ന് മരിച്ച ബീനയുടെ ഭര്തൃസഹോദരന് വ്യക്തമാക്കി.
സാധാരണ ഇത്തരം ഓഫീസുകളില്‍ ഉപയോഗിക്കുന്ന കനംകൂടിയ ചില്ല് ആയിരുന്നുവെങ്കില്‍ ഈയൊരു ദാരുണമായ മരണം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ എഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ ഡോറിന്റെ ചില്ല് ദേഹത്ത് തറച്ച് കയറി കൂവപ്പടി മങ്കുഴി തേലക്കാട്ട് നോബിയുടെ ഭാര്യ ബീന മരണമടഞ്ഞത്. ബാങ്കില്‍ പണമിടപാടിനായെത്തിയ ഇവര്‍ പുറത്ത് വച്ചിരുന്ന സ്കൂട്ടറിന്റെ താക്കോലെടുക്കാനായി ധൃതിയില്‍ ഓടിപ്പോകുമ്പോഴാണ് വാതിലില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാതിലിന്റെ തകര്‍ന്ന ചില്ല് ബീനയുടെ വയറിന്റെ ഇടതുവശത്ത് തറച്ച് കയറുകയായിരുന്നു.
പിന്നീട് ബാങ്ക് അധികൃതര്‍ വിവരമറിയിച്ചെത്തിയ പോലീസും ജീവനക്കാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹത്തിന് കൊറോണ ടെസ്റ്റ് നിര്‍ബന്ധമായതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവം നടന്ന ബാങ്കില്‍ വിരലടയാള വിദഗ്ദ്ധരും പോലീസും പരിശോധന നടത്തി. സംസ്കാരം ഇന്ന് രാവിലെ 10ന് മങ്കുഴി ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: