തിരുവനന്തപുരം:അതിര്‍ത്തിയില്‍ ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ വിമര്‍ശിയ്ക്കുന്ന, ‘ശത്രുപൂജകര്‍’ എന്ന നാലുവരിക്കവിത സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്‍ റോയ് ആണ് ഈ കവിത എഴുതി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഭാരതം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ പോയവാരം ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപത് ഇന്ത്യന്‍ ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തെ ശത്രുവിനെതിരായി ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട ഈ സന്ദര്‍ഭത്തിലും അതിനെ രാഷ്ട്രീയമായും സാമൂഹികമായും വര്‍ഗ്ഗീയമായും ഉപയോഗിക്കാനുള്ള പ്രവണത ഒരു വിഭാഗം ആളുകളുടെ പരാമര്‍ശങ്ങളില്‍ ഉണ്ടായിരുന്നു. ജവാന്മാരുടെ വീരമൃത്യുവിനെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രീതികളും രാഷ്ട്രീയ നേതാക്കളുടെ അഭിമുഖങ്ങളുമടക്കം വിവാദമായ പല സംഭവങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ കവിത പുറത്തുവരുന്നത്. മാതൃ രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ സ്വന്തം ജീവന് ബലിയര്‍പ്പിക്കാന്‍ തയ്യാറായ ധീര ജവാന്മാരുടെ വീരമൃത്യുവിനെ വിലകുറച്ചു കാണുന്ന ആളുകളെ കണക്കിന് വിമര്‍ശിച്ചു കൊണ്ടുള്ളതാണ് കവിതയിലെ വരികള്‍.
ശത്രുപൂജകര്‍
മാത്യരാജ്യത്തിന്റെ മാനത്തിനായ് തന്
മാറിലെ ജീവന് പൊഴിയ്ക്കും ജവാനായ്
മാലയൊരുക്കാതെയാഭാസമോതുന്ന
മാടജന്മങ്ങളെയാദ്യം തുരത്തണം
പുറത്തുള്ള മരംകൊത്തിയേക്കാള്‍ അകത്തുള്ള ചിതല് ആണ് ഒരു തടിയെ കൂടുതല്‍ ദ്രോഹിക്കുന്നത് എന്ന അര്‍ത്ഥത്തിലുള്ള ടാഗ്ലൈനോടുകൂടിയാണ് കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ചെന്നൈയിലെ ഒരു പ്രമുഖ ക്രിക്കറ്റ് ടീമിന്റെ ഡോക്ടറും രംഗത്തുവന്നിരുന്നു.
‘എനീമി വര്‍ഷിപ്പേഴ്സ് ‘ എന്ന പേരില്‍ പുറത്തിറക്കിയ ഈ കവിതയുടെ ഇംഗ്ലീഷിലുള്ള ട്രാന്‍സ്ലേറ്റഡ് വേര്‍ഷനും വളരെ മികച്ച സ്വീകരണമാണ് ഇന്ത്യയിലങ്ങോളമിങ്ങോളം ലഭിച്ചിരിക്കുന്നത്. കറുത്ത ജൂതന്, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര് എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകള്‍ക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകന് ബി ആര് ബിജുറാം ആണ് ഈ കവിതയുടെ ഇംഗ്ലീഷ് മലയാളം വേര്‍ഷനുകളുടെ സംഗീതസംവിധാനവും ഓര്‍ക്കസ്റ്റേഷനും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള കവിത ആലപിച്ചിരിക്കുന്നത് കൊച്ചി രാജഗിരി സ്കൂളിലെ പത്താം കഌസ്സ് വിദ്യാര്‍ത്ഥിനിയായ ബിന്ദ്യ ബഷി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: