തിരുവനന്തപുരം:സംസ്ഥാനത്തെ പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കും പത്ര ഏജൻറുമാർക്കും വിതരണക്കാർക്കും സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയിൽ അംഗങ്ങളാകാം. അംഗങ്ങളാകുന്നവർക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് മുഖാന്തരമുള്ള ഇനി പറയുന്ന ആനുകൂല്യങ്ങൾ ലഭ്യമാകും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും അംഗത്വമുള്ളവർക്ക് 60 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് അംഗത്വകാലയളവിന് ആനുപാതികമായി റിട്ടയർമെന്റ് ആനുകൂല്യം അനുവദിക്കും. ഒരു വർഷം തുടർച്ചയായി അംശദായം അടച്ച വനിത അംഗത്തിന് പ്രസവ ധനസഹായമായി 15,000 രൂപ വരെ ലഭിക്കും. ഒരു വർഷം തുടർച്ചയായി അംശദായം അടച്ച അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കൾക്കും പദ്ധതിയിലെ വനിതാ അംഗങ്ങൾക്കും വിവാഹ ധനസഹായമായി 10,000 രൂപ ലഭിക്കും.
പദ്ധതിയിൽ അംഗമായിരിക്കെ 60 വയസ് പൂർത്തിയാക്കി വിരമിക്കുന്ന ആൾക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം പ്രകാരം അതത് കാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ പെൻഷൻ ലഭിക്കും. പദ്ധതിയിൽ കുറഞ്ഞത് 10 വർഷം അംശദായം അടച്ച് പെൻഷന് അർഹതയുള്ള അംഗം മരണമടഞ്ഞാൽ അയാളുടെ കുടുംബത്തിന് കുടുംബ പെൻഷനായി പ്രതിമാസം 300 രൂപ ലഭിക്കും. പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷം തുടർച്ചയായി അംശദായം ഒടുക്കുകയും അപകടം മൂലം സ്ഥിരവും പൂർണ്ണവുമായ ശാരീരിക അവശത അനുഭവിക്കുന്ന അംഗത്തിന് അവശതാ പെൻഷനായി പ്രതിമാസം 1,200 രൂപ നൽകും. ഇതിനായി മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പദ്ധതിയംഗങ്ങളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് 750 രൂപ മുതൽ 2,500 രൂപ വരെ വിദ്യാഭ്യാസാനുകൂല്യമായി പ്രതിവർഷം നൽകിവരുന്നു. നിലവിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സർക്കാർ ആശുപത്രികളിലോ ബോർഡ് അംഗീകരിച്ചിട്ടുള്ള ആശുപത്രികളിലോ ഇൻ പേഷ്യന്റ് ആയുള്ള ചികിത്സയ്ക്ക് അംഗത്വ കാലയളവിനുള്ളിൽ പരമാവധി 10,000 രൂപ ചികിത്സാ ധനസഹായമായി നൽകുന്നു.
പദ്ധതിയംഗങ്ങൾക്ക് മരണാനന്തര ആനുകൂല്യവും അപകട ആനുകൂല്യവും ലഭിക്കുന്നതിന് മുഴുവൻ പദ്ധതി അംഗങ്ങളെയും സൗജന്യമായി പ്രധാൻമന്ത്രി ജീവൻജ്യോതി ഭീമായോജന പദ്ധതിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. പദ്ധതി അംഗം മരണടഞ്ഞാൽ മരണാനന്തര ചെലവുകൾക്കായി 1000 രൂപ നിധിയിൽ നിന്നും ആശ്രിതന് ലഭിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 10 വർഷത്തിൽ കൂടുതൽ അംശദായം അടച്ച അംഗങ്ങൾക്ക് വിവാഹം, വീട് നിർമ്മാണം, സ്വയം തൊഴിൽ ചെയ്യൽ എന്നീ ആവശ്യങ്ങൾക്കായി മൂന് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കത്തക്ക വിധത്തിൽ പലിശരഹിത വായ്പയും അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2578820.
പ്രതികരിക്കാൻ ഇവിടെ എഴുതുക: