തൃശൂര്‍: ലോക്ഡൗണ്‍ ഇളവ് വന്നതോടെ യൂസ്ഡ് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്റ്. യൂസ്ഡ് വാഹന ഷോറൂമുകള്‍ ഭൂരിഭാഗവും നിലവില്‍ കാലിയായി. സ്വകാര്യ ബസുകളുടെ സര്‍വീസ് ഭാഗീകമായതോടെ യാത്രചെയ്യാനാകാതെ ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസമായത് യൂസ്ഡ് വാഹന ഷോറൂമുകളാണ്. കഴിഞ്ഞ ഒരു മാസമായി മുമ്പത്തേക്കാള്‍ കാറുകളും ഇരുചക്രവാഹനങ്ങളും കൊണ്ട് നിരത്ത് നിറഞ്ഞിരുന്നു. ഇവയില്‍ പകുതിയോളം യൂസ്ഡ് വാഹന ഷോറൂമുകളില്‍ നിന്നെടുത്തവയാണ്.
സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് യാത്രാക്ലേശം അനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ളവര്‍ സെക്കന്‍ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങിയാണ് പ്രതിസന്ധിയെ നേരിട്ടത്. പുതിയ വാഹനം വാങ്ങാന്‍ തത്കാലം നിര്‍വ്വാഹമില്ലാത്തവര്‍ യൂസ്ഡ് ഷോറൂമുകളിലെത്തി വാഹനങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിന് ശേഷം കാറുകളും ബൈക്കുകളും വന്‍തോതില്‍ വില്‍പ്പന നടന്നതായി യൂസ്ഡ് വാഹന ഷോറൂം നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടി. ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ കോറോണ വൈറസ് വ്യാപന ഭീഷണിയുണ്ടെന്നതും യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുന്നതിന് ഭൂരിഭാഗം പേര്‍ക്കും പ്രേരണയായിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ ഭയപ്പെടാതെ പോകാമെന്നതിനാല്‍ വായ്പയെടുത്തും കടം വാങ്ങിയും കാറുകളും ബൈക്കുകളും സ്ത്രീകളടക്കമുള്ളവര്‍ വാങ്ങുകയായിരുന്നു.
യുവതി-യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേര് ഇപ്പോഴും ഇരുചക്ര വാഹനങ്ങളും കാറുകളും അന്വേഷിച്ച് വരുന്നതായും എന്നാല്‍ കാര്യമായ സ്റ്റോക്കില്ലാത്തതിനാല്‍ ഇവര്‍ക്ക് വാഹനങ്ങള്‍ നല്കാന് കഴിഞ്ഞില്ലെന്നും യൂസ്ഡ് ഷോറൂം ഉടമകള്‍ പറഞ്ഞു. അതിനിടെ ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പ്രവര്‍ത്തനം പുനാരാരംഭിച്ച വര്‍ക്ക്ഷോപ്പുകളിലും തിരക്കോട് തിരക്കാണ്. ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വര്‍ക്ക്ഷോപ്പുകളിലാണ് തിരക്ക് കൂടിയിരിക്കുന്നത്. രണ്ടുമാസമായി വാഹനങ്ങള്‍ ഓണാക്കാതെ ഇട്ടതിനെ തുടര്‍ന്നുണ്ടായ തകരാറുകളുമായാണ് കൂടുതല്‍ വാഹനങ്ങളും വര്‍ക്ക് ഷോപ്പുകളിലേക്ക് എത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. തിരക്ക് കൂടിയതോടെ പ്രമുഖ കാര്‍ ഷോറുമുകളുടെ സര്‍വീസ് സെന്റുകളില്‍ വാഹനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്.
ചെറുകിട വര്‍ക്ക്ഷോപ്പുകളിലും വന്‍ തിരക്കാണിപ്പോള്‍. ചെറിയ തകരാറാണെങ്കില്‍ മാത്രമേ ഉടനെ റിപ്പയര്‍ ചെയ്ത് കൊടുക്കുകയുള്ളൂ. എന്ജിന് അഴിച്ചുള്ള ജോലികളാണെങ്കില്‍ ദിവസങ്ങള്‍ക്ക് ശേഷമേ റിപ്പയര്‍ ചെയ്ത് ലഭിക്കൂ. ബാറ്ററി ഡൗണായതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും വര്ക്ക്ഷോപ്പുകളിലെത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ അധികം താമസിയാതെ ബാറ്ററി ചാര്‍ജ് ചെയ്തു നല്‍കും. കൃത്യമായി ഓയില്‍ മാറ്റാത്തതിനെ തുടര്‍ന്നും നിരവധി വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയുള്ള രണ്ടു മാസങ്ങള്‍ മഴക്കാലമായതിനാല്‍ വാഹനങ്ങള്‍ കൃത്യമായി പരിചരിച്ചില്ലങ്കില്‍ കേടുപാടുകള്‍ക്ക് സാധ്യത ഏറെയാണെന്ന് വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: