വിലങ്ങാട്: വിലങ്ങാട് മേഖലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ത്രില്ലിലാണെങ്കില് മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെയും പഠനം മുടങ്ങി. വിലങ്ങാട് മേഖലയിലെ മാടാഞ്ചേരി, കുറ്റല്ലൂര്‍, പന്നിയേരി, പറക്കാട്, അടുപ്പില്‍, കെട്ടില്‍ കോളനികളില്‍ ഇന്നലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു.
പന്നിയേരി സാംസ്കാരിക നിലയം, കുറ്റല്ലൂര്‍ സേവാഭാരതി സേവാമന്ദിരം, മാടാഞ്ചേരി സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ വാളാന്തോട് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല. ഇവിടെ വീടുകളില്‍ ടിവി ഇല്ലാത്തതു കാരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
കണ്ണൂര്‍ ജില്ലയിലുള്‍പ്പെടുന്ന പറേക്കാട് കോളനിയിലെ സാംസ്കാരിക നിലയത്തില്‍ ടിവി എത്തിച്ചെങ്കിലും വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ ടിവി പ്രവര്‍ത്തിപ്പിക്കാനായില്ല. ഇതോടെ ഇവിടെയുള്ളവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തല്ക്കാലം മുടങ്ങിയിരിക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ രംഗത്ത് നിന്ന് കൂടുതല്‍ കൊഴിഞ്ഞുപോകുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ്.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ എത്തുന്നുണ്ടോ എന്ന് ഫോണ്‍ വഴി അന്വേഷിക്കാനാണ് അധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഈ മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പഠന കേന്ദ്രങ്ങളില്‍ എത്തിക്കണമെങ്കില്‍ അധ്യാപകരുടെ നേരിട്ടുള്ള സാന്നിദ്ധ്യം ആവശ്യമായി വരും. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വരാനിരിക്കുന്ന ദിവസങ്ങളില്‍ തെളിയും. രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ പഠന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൃത്യ സമയത്ത് എത്തുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസപദ്ധതിയിലടക്കം പിന്നോക്ക വിഭാഗങ്ങള്‍ പുറന്തള്ളപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: