കോഴിക്കോട്: അധികൃതരുടെ അനാസ്ഥമൂലം സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാതെ പട്ടികജാതി കുടുംബം. 73 കാരനായ പി.ബി. ശ്രീധരന്റെ വീട് നിര്‍മ്മാണം തടസപ്പെട്ടിട്ട് കാല് നൂറ്റാണ്ട്. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തെന്ന് അറിയിച്ചെങ്കിലും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയില്ല.
റെയില്‍വേസ്റ്റേഷനു സമീപത്തെ പൂട്ടിപ്പോയ സംഗം തിയേറ്ററിലെ ടിക്കറ്റ് കീപ്പറായിരുന്നു ശ്രീധരന്. പൂട്ടിപ്പോയ സ്ഥാപനത്തില്‍ നിന്നും ലഭിച്ച നാമമാത്രമായ തുകയും സമ്പാദ്യവുമെല്ലാം ചേര്‍ത്താണ് 1991ല്‍ വളയനാട് വില്ലേജ് കൊമ്മേരിക്കടുത്ത് 6 സെന്റ് സ്ഥലം വാങ്ങുന്നത്. സര്‍ക്കാര്‍ ധനസഹായത്തോടെ വീട് വെയ്ക്കാന്‍ മുതിര്‍ന്നപ്പോഴാണ് തന്റെ സ്ഥലം ഉള്‍പ്പെടെയുള്ള ഭാഗമായ മാങ്കാവ് ശ്മശാനം മുതല്‍ മേത്തോട്ട് താഴം വരെയുള്ള റോഡ് ഡിടിപി സ്കീമില്‍ ഉള്‍പ്പെടുത്തി 24 മീറ്റര്‍ വീതിയും 4.5 മീറ്റര്‍ ബില്‍ഡിംഗ് ലൈന്‍ നിശ്ചയിച്ച് വരുന്ന കാര്യം അറിഞ്ഞത്.
കോര്‍പ്പറേഷന്റെ അധീനതയിലുള്ള റോഡിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കാന്‍ തീരുമാനമായി. 1999ല്‍ റോഡിന്റെ വീതി വീണ്ടും 18 മീറ്ററായി കുറയ്ക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥലം അക്വയര്‍ ചെയ്യുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചു. എന്നാല്‍ ഫണ്ട് കോര്പ്പറേഷന് ലഭ്യമാകാത്തതിനാല്‍ ഭൂമി ഏറ്റെടുക്കാനായില്ല. ഇതിനിടയില്‍ പി.ബി.ശ്രീധരന് ഉള്‍പ്പെടെ 43 സ്ഥലമുടമകളുടെ സാന്നിധ്യത്തില്‍ ഒട്ടേറെ യോഗങ്ങളും ചര്‍ച്ചകളും നടന്നു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിഎല്‍പിസി യോഗത്തില്‍ നഷ്ട പരിഹാര തുക ഭൂമിയുടെ തരം തോട്ടം, നിലം എന്നീ ഗണങ്ങളില്‍ യഥാക്രമം സെന്റിന് 3.5 ലക്ഷം, 2.5 ലക്ഷം രൂപ കണക്കാക്കി. എന്നാല്‍ കോര്‍പ്പറേഷനും സ്ഥലം എംഎല്‍എയും തമ്മിലുള്ള ശീതസമരം മൂലം റോഡ് വികസനവും നഷ്ടപരിഹാരം നല്‍കുന്നതും തടസ്സപ്പെട്ടു.
29 വര്‍ഷമായി പി.ബി.ശ്രീധരനും കുടുംബവും മകന്റെ സ്വകാര്യ കമ്പനിയിലെ ജോലി ആശ്രയിച്ച് വാടകയക്ക് കഴിയുന്നു. ഇതിനിടെ രണ്ട് പെണ്മക്കളുടെയും വിവാഹം നടന്നു. സ്വന്തമായി വീടില്ലെന്ന കാരണത്താല്‍ 40 കാരനായ മകന്റെ വിവാഹം പോലും മുടങ്ങി. ഒന്നുകില്‍ വീട് വെയ്ക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ നഷ്ട പരിഹാര തുക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശ്രീധരന് മുട്ടാത്ത വാതിലുകളില്ല. സമീപിച്ച ഇടങ്ങളില്‍ നിന്നും ശരിയാക്കാമെന്ന മറുപടി മാത്രം.
തന്റേതല്ലാത്ത കാരണത്താല്‍ കഴിഞ്ഞ 25 വര്‍ഷമായി വാടകയ്ക്ക് താമസിക്കേണ്ടി വന്നത് ശ്രീധരന് നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും നഷ്ടപരിഹാര തുകയോടൊപ്പം ഇക്കാലമത്രയും നല്കിയ വാടക ഇദ്ദേഹത്തിന് നല്‍കുകയോ വീടും സ്ഥലവും നല്‍കുകയോ ചെയ്യണമെന്നും പട്ടികജാതി-വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: