നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാ റോഡില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓവുചാല്‍ വൃത്തിയാക്കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. വൃത്തിയാക്കിയതിനുശേഷം സ്ലാബുകള്‍ കൃത്യമായി സ്ഥാപിക്കാത്തതും ചിലയിടങ്ങളില്‍ വലിയ വിടവുകളുള്ളതുമാണ് അപകടസാധ്യത കൂട്ടിയതെന്ന് വ്യാപാരികള്‍ പറയുന്നു.
പൊതുവെ ഈ ഇടുങ്ങിയ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇത് ഇരട്ടി ദുരിതമായിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലത്ത് നഗരം വിജനമായ സമയത്തായിരുന്നു ശുചീകരണം നടന്നത്. ഇളവിനെത്തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങിയതോടെ കുഴിയില്‍ വീണുള്ള അപകടങ്ങളും തുടങ്ങി.
ശുചീകരണത്തിന് മുന്‍പും സ്ലാബുകള്‍ അടുക്കും ചിട്ടയുമില്ലാതെ തന്നെയായിരുന്നു. വൃത്തിയാക്കിയശേഷം വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ മഴക്കാലത്ത് ബസ് സ്റ്റാന്‍ഡിന് ചേര്‍ന്നുള്ള ഈ പ്രദേശം പുഴയായി മാറുന്ന സ്ഥിതിയായിരുന്നു. ഇപ്പോള്‍ അപകട സാധ്യതകൂടി മറികടക്കേണ്ട സ്ഥിതിയായി ജനങ്ങള്‍ക്ക്. നീലേശ്വരം മാര്‍ക്കറ്റ് കവല മുതല്‍ കോണ്‍വെന്റ് കവലവരെ റോഡിന് ഇരുഭാഗത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നഗരസഭയും പോലീസും ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടപ്പായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: