കാസര്‍കോട്: നീണ്ട സമരപോരാട്ടങ്ങള്‍ക്കും ജനങ്ങളുടെ ദുരിതത്തിനും വിരാമമേകി കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല വിതരണ പദ്ധതിതായ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയാവുന്നു. ഇതോടെ ജില്ലയിലെ ഉദുമ, കാസര്‍കോട് മണ്ഡലങ്ങളിലെ നിരവധി പ്രദേശങ്ങളുടെ വര്‍ഷങ്ങളായ കുടിവെള്ളത്തിനായുള്ള മുറവിളിക്ക് പരിഹാരമാവും.
കാലവര്‍ഷത്തില്‍ പൂഴി ചാക്കുകള്‍ നിരത്തി വെച്ച് താല്‍ക്കാലിക ബണ്ട് നിര്‍മിക്കുന്ന കാഴ്ച ഇനി ബാവിക്കരയില്‍ ഉണ്ടാകില്ലെന്നും 120.4 മീറ്റര്‍ നീളമുള്ള തടയണയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അധികൃതര്‍ പറയുന്നു. ഉദുമ നിയോജക മണ്ഡലത്തിലെ പയസ്വിനി-കരിച്ചേരി പുഴകളുടെ സംഗമസ്ഥാനമായ ആലൂര് മുനമ്പത്ത് സ്ഥിതി ചെയ്യുന്ന ഈ പദ്ധതിക്ക് 2017 ലാണ് ചെറുകിട ജലസേചന വകുപ്പ് 27.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് പ്രകാരം സാങ്കേതിക, സാമ്പത്തിക അനുമതി ലഭിച്ചത്. 2018 ഒക്ടോബറിലാണ് നിര്‍മാണം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് 21ന് മുതല്‍ ഏപ്രില്‍ 4 വരെ നിര്‍മാണം നിര്‍ത്തി വെക്കുകയായിരുന്നു. പിന്നീട് പ്രത്യേക അനുമതി വങ്ങിയാണ് നിര്‍മാണം ആരംഭിച്ചത്.
തടയണയുടെ അവസാന ഘട്ട പ്രവര്‍ത്തിയായ മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കല്‍ പുരോഗമിക്കുകയാണ്. 2.70 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള നാല് സ്റ്റീല്‍ ഷട്ടര്‍ യന്ത്ര സഹായത്തോടെയാണ് ഘടിപ്പിക്കുന്നത്. തടയണയുടെ തെക്ക് ഭാഗത്ത് 115 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയിലാണ്. തടയണയുടെ മൂന്ന് മീറ്റര്‍ ഉയരം വരെ വെള്ളം സംഭരിക്കാം. നാല് കിലോമീറ്റര്‍ ദൂരത്തില്‍ ജലവിതാനം ഉയരും.പുതുതായി നിര്‍മിച്ച അഞ്ച് തൂണുകളില്‍ 9.6 മീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍.
പാണ്ടികണ്ടം ഭാഗത്തുനിന്നും കരിച്ചേരിയില്‍ നിന്നും ഒഴുകി വരുന്ന പുഴയുടെ നാല് കിലോമീറ്റര്‍ ദൂരം മൂന്ന് മീറ്റര്‍ വെള്ളം ഉയര്‍ത്താന്‍ സാധിക്കും. മഴക്കാലത്തിനു ശേഷവും വെള്ളം ഉയര്‍ന്നു നില്‍ക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയരുകയും ജലക്ഷാമം കുറയുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: