ഇരിട്ടി: തില്ലങ്കേരി കാവുംപടിയിലെ രണ്ട് കോവിഡ് രോഗികളില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ച നാലുപേരുടെയും മുഴക്കുന്ന് തളിപ്പൊയിലില് രോഗം ബാധിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്റെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും ശ്രമം തുടങ്ങി. വിമാന സര്‍വ്വീസ് ജീവനക്കരായ കാവുംപടിയിലെ ദമ്പതികളില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് നാലുപേര്‍ക്ക് രോഗബാധയുണ്ടായത്. ഇതില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരും ഒരാള്‍ ഇവരില്‍ നിന്നും സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മുഴക്കുന്ന് സ്വദേശിയുമാണ്. രോഗം ബാധിച്ച കാവുംപടിയിലെ രണ്ടുപേര്‍ ഇരിട്ടിയില്‍ വ്യാപാര സ്ഥാപനങ്ങളിലുള്ളവരാണ്.
വിമാന സര്‍വ്വീസ് ജീവനക്കാരന്റെ പിതാവിനാണ് ആദ്യം സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഇവരുടെ ഇരിട്ടിയിലെ സെന്‍ട്രല്‍ സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് ഐച്ചോത്തെ ഒരാള്‍ക്ക് രോഗം പിടിപെട്ടു. കാവുംപടി സ്വദേശിയും ഇരിട്ടി പഴയ സ്റ്റാന്റിലെ ക്ലാസിക്ക് ഫാന്‍സി കടയിലെ ജീവനക്കരനുമായ യുവാവിനാണ് ശനിയാഴ്ച രോഗം ബാധിച്ചത്. നിരവധി ആളുകള്‍ എത്തുന്ന കടയാണ് ഇത്. മെയ് 26 മുതല്‍ ടൗണിലെ രണ്ട് കടകളുമായി ബന്ധപ്പെട്ടവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
കാവുംപടിയിലെ രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടവര്‍ തില്ലങ്കേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ തുടരുന്ന കാവുംപടിക്ക് പുറമെ കരുവള്ളി, വഞ്ചേരി, തില്ലങ്കേരി, ആലയാട് വാര്‍ഡുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ പഞ്ചായത്ത് സുരക്ഷാ സമിതി തീരുമാനിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മുഴക്കുന്ന് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടച്ചിടാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനും പ്രദേശത്തെ റോഡുകള്‍ അടയ്ക്കാനും തീരുമാനിച്ചു. കാക്കയങ്ങാട് ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. ബസ്സുകള്‍ക്ക് സ്റ്റോപ്പും അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: