കോട്ടയം: കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ്ജ് കൂട്ടാന്‍ നല്കിയ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ പലതും വീണ്ടും സര്‍വീസ് നിര്‍ത്തുമെന്ന് ആശങ്ക. സാമൂഹ്യ അകലം പാലിച്ച് വളരെക്കുറച്ച് യാത്രക്കാരുമായാണ് മിക്ക ബസുകളും സര്‍വീസ് നടത്തുന്നത്. കൂടിയ നിരക്ക് ഈടാക്കിയിട്ടുപോലും പല സര്‍വീസുകളും നഷ്ടത്തിലാണെന്ന് ബസുടമകള്‍ പറയുന്നു. കൂടിയ നിരക്ക് ഈടാക്കുന്നത് തടഞ്ഞതിനാല്‍ സര്‍വീസ് തുടരുക ബുദ്ധിമുട്ടാണെന്നാണ് ഉടമകളുടെ നിലപാട്.
എന്നാല്‍, ബസ് ഓടിക്കേണ്ടെന്ന് ആരോടും നിര്‍ദ്ദേശിച്ചിട്ടില്ല. നഷ്ടവും മറ്റും വിലയിരുത്തി അതത് ബസുടമകള്‍ക്ക് തീരുമാനിക്കാമെന്നാണ് ബസുടമകളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ളതിനാലും നഷ്ടമായതിനാലും വളരെക്കുറച്ചു ബസുകളേ ഓടുന്നുള്ളൂ. ചാര്‍ജ്ജ് കുറയ്ക്കുന്നതോടെ ഇപ്പോള്‍ ഓടുന്നവ കൂടി സര്‍വീസ് നിര്‍ത്തുമോയെന്നാണ് ജനങ്ങളുടെ ആശങ്ക.
മണിക്കൂറുകള്‍ കാത്തു നിന്നാലാണ് ഇപ്പോള്‍ ബസ് കിട്ടുക. അതു കൂടി ഇല്ലാതായാല്‍ എങ്ങനെ ജോലിക്കു പോകുമെന്നാണ് പലരുടെയും ചിന്ത. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ഓട്ടോ പിടിച്ചും മറ്റും ദിവസവുമുള്ള യാത്ര നടപ്പില്ല. ഇത് ദുരിതം വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: