തിരുവനന്തപുരം: വന്ദേഭാരത് മിഷന് മൂന്നാം ഘട്ടത്തിന് തുടക്കമായിട്ടും യുഎസില്‍ നിന്നുള്ള വിമാനത്തിന് അനുമതി നല്‍കാതെ കേരള സര്‍ക്കാര്‍. ഇതോടെ വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരത്തിലധികം മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരാന്‍ മാര്‍ഗ്ഗമില്ലാതെ കുടുങ്ങിക്കിടക്കുന്നത്.
വന്ദേഭാരത് മിഷനിലൂടെ കേരളത്തിലേക്ക് വരാനിരുന്ന യുഎസിലെ മലയാളികളുടെ പ്രതീക്ഷകള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. മൂന്നാംഘട്ടം വന്ദേ ഭാരത് മിഷനില്‍ നിലവില്‍ കേരളത്തിലേക്ക് സര്‍വീസുകള്‍ ഒന്നുമില്ല. ഈ ഘട്ടത്തില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരെയാണ് നാട്ടില്‍ എത്തിക്കുന്നത്. എന്നിരിക്കേയാണ് കേരള സര്‍ക്കാര്‍ മാത്രം ഇതിനോട് മുഖം തിരിച്ചിരിക്കുന്നത്.
ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യുഎസിലാണ്. അതിനാല്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകളെ ആശ്രയിക്കുമ്പോള്‍ അവിടുത്തെ ക്വാറന്റീന് നിബന്ധനകള്‍ പാലിക്കണം. പിന്നാലെ കേരളത്തിലെത്തിയാല്‍ വീണ്ടും നിരീക്ഷണത്തില്‍ ഇരിക്കണം. ഇത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.
അതേസമയം യുഎസില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കായി 45 സര്‍വീസുകളാണ് ഉള്ളത്. അപ്പോഴാണ് കേരളത്തിലേക്ക് ഒരു സര്‍വീസ് പോലും ഇല്ലാത്തത്. വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്കായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി അവകാശപ്പെട്ട കേരളം ഇപ്പോള്‍ വിദേശ മലയാളികള്‍ തിരിച്ചെത്തുന്നതിന്റെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. മൂന്നാംഘട്ടം വന്ദേ ഭാരത് മിഷനില്‍ 20 രാജ്യങ്ങളില്‍ നിന്നായി എഴുപത്തിയാറ് സര്‍വ്വീസുകള്‍ക്ക് മാത്രമാണ് കേരള സര്‍ക്കാര്‍ ഇത്തവണ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് നടത്തുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ കേരളത്തിലേക്ക് വിദേശത്ത് നിന്ന് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊറോണ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിബന്ധന വെച്ചിരുന്നു. ഈമാസം 20 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ പിണറായി സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ആന്റിബോഡി ടെസ്റ്റ് മതിയെന്നാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: